എസ്. ജയശങ്കർ Source: Screengrab
NATIONAL

ഒരു തരത്തിലും ന്യായീകരിക്കാനാകില്ല; ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിൽ യുഎസിനോട് പ്രതിഷേധം അറിയിച്ച് എസ്. ജയശങ്കർ

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ നേരിട്ട് ഫോണിൽ വിളിച്ചാണ് എസ്. ജയശങ്കർ ഇന്ത്യയുടെ വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തിയത്

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഒമാൻ തീരത്തിന് സമീപമുണ്ടായ കപ്പൽ ആക്രമണത്തിൽ യുഎസിനെ ശക്തമായ പ്രതിഷേധം അറിയിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. സെറ്റബെല്ലോ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടതിലാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ നേരിട്ട് ഫോണിൽ വിളിച്ച് എസ്. ജയശങ്കർ ഇന്ത്യയുടെ വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തിയത്.

വാണിജ്യ കപ്പലുകൾക്ക് നേരെ ഇത്തരം മാരകമായ ആക്രമണങ്ങൾ നടത്തുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്ന് ജയശങ്കർ വ്യക്തമാക്കി."യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായി സംസാരിച്ചു. ഗൾഫ് മേഖലയിൽ യുഎസ് നാവികസേന നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം അദ്ദേഹത്തെ അറിയിച്ചു," എക്സിൽ പങ്കുവെച്ച കുറിപ്പിൽ ജയശങ്കർ വ്യക്തമാക്കി.

ഒമാൻ തീരത്ത് ഇന്ത്യൻ ജീവനക്കാരുള്ള വാണിജ്യ കപ്പലുകൾക്ക് നേരെ യുഎസ് സേന നടത്തിയ ആക്രമണത്തിന് പിന്നാലെ, രണ്ടാം തവണയും ഡൽഹിയിലെ മുതിർന്ന യുഎസ് നയതന്ത്രജ്ഞനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. യുഎസ് നയതന്ത്ര ദൗത്യത്തിന്റെ ചാർജ് ഡി അഫയേഴ്സ് ജേസൺ മീക്സിനെയാണ് ഇന്ത്യ വിളിച്ചുവരുത്തിയത്.

കഴിഞ്ഞ ജൂൺ 10നാണ് ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായും മൃതദേഹങ്ങൾ കണ്ടെത്തിയെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ഡെക്ക് കാഡറ്റ് ആദിത്യ ശർമ്മ, എഞ്ചിൻ ഫിറ്റർ ശിവാനന്ദ് ചൗരസ്യ, ചീഫ് എഞ്ചിനീയർ പട്‌നാല സുരേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. 24 പേരുണ്ടായിരുന്ന കപ്പലിലെ 21 പേരെ രക്ഷപ്പെടുത്തിയിരുന്നു.

SCROLL FOR NEXT