അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ കാണാതായ ഗുജറാത്ത് മ്യൂസിക് ആല്‍ബം മേക്കര്‍ മേഹഷ് ജിറാവാലയെ കണ്ടു പിടിക്കുന്നതിനായി കുടുംബം ഡിഎന്‍എ സാമ്പിളുകള്‍ നല്‍കി. അപകടം നടക്കുന്ന സമയത്ത് മഹേഷ് 700 മീറ്റര്‍ ചുറ്റളവില്‍ ഉണ്ടായിരുന്നതായി മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ വ്യക്തമാക്കുന്നുണ്ട്.
അപകടം നടന്ന ദിവസം ഉച്ചയ്ക്ക് മഹേഷ് ലോ ഗാര്‍ഡനില്‍ ആരെയോ കാണാനായി പോയിട്ടുണ്ടായിരുന്നുവെന്ന് ഭാര്യ ഹേതല്‍ പറഞ്ഞു. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും പറന്ന എയര്‍ ഇന്ത്യ വിമാനം മിനുട്ടുകള്‍ക്കം വന്നിടിച്ചത് മേഘാനിനഗറിലെ മെഡിക്കല്‍ കോളേജിലെ ഹോസ്റ്റല്‍ കെട്ടിടത്തിലായിരുന്നു.
നരോദ സ്വദേശിയായ മഹേഷ് മീറ്റിംഗ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെന്നാണ് തന്നോട് പറഞ്ഞതെന്നും ഭാര്യ ഹേതല്‍ പറഞ്ഞു.
'എന്റെ ഭര്‍ത്താവ് എന്നെ ഉച്ചയ്ക്ക് 1.14ന് വിളിച്ച് മീറ്റിംഗ് കഴിഞ്ഞെന്നും വീട്ടിലേക്ക് വരികയാണെന്നും പറഞ്ഞു. പക്ഷെ അദ്ദേഹം തിരിച്ചു വന്നില്ല. അദ്ദേഹത്തെ വീട്ടിലേക്ക് വിളിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. അപകടം നടക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ 700 മീറ്റര്‍ അകലെ ആയിരുന്നുവെന്നാണ് പറഞ്ഞത്,' ഹേതല്‍ പറഞ്ഞു.
1.40 ഓടെയാണ് മഹേഷിന്‍റെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയത്. അപകടത്തില്‍പ്പെട്ട വിമാനം ടേക്ക് ഓഫ് ചെയ്ത് ഒരു മിനിട്ടിനകമാണ് ഇത്. മഹേഷിന്റെ സ്‌കൂട്ടറും ഫോണും നിലവില്‍ കാണാതായിട്ടുണ്ട്. വീട്ടിലേക്ക് തിരിച്ചു വരികയാണെങ്കില്‍ ആ വഴി ഉപയോഗിക്കില്ലെന്നതിനാല്‍ തന്നെ ഇതില്‍ അസാധാരണമായെന്തൊക്കെയോ നടക്കുന്നുണ്ടെന്ന് ഭാര്യ ആരോപിച്ചു.
ഡിഎന്‍എ സാമ്പിളുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അപകട സമയത്ത് ഗ്രൗണ്ടില്‍ അപകടപ്പെട്ടവര്‍ക്കൊപ്പമുണ്ടാകുമോ എന്നറിയാനാണ് ശ്രമം എന്നും ഭാര്യ പറഞ്ഞു.