ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കുർണൂലിൽ 20 പേരുടെ മരണത്തിന് ഇടയാക്കിയ ബസ് അപകടത്തിന് പിന്നിൽ ബൈക്ക് യാത്രക്കാരനെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങൾ പുറത്ത്. ബൈക്ക് യാത്രികൻ മദ്യലഹരിയിലായിരുന്നു എന്നാണ് പുറത്തുവന്ന വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്. 22കാരനായ ശിവശങ്കർ എന്ന യുവാവ് അശ്രദ്ധമായി വണ്ടിയോടിക്കുന്നതിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തെത്തിയത്.
അപകടമുണ്ടാകുന്നതിന് തൊട്ടുമുൻപ് ശിവശങ്കർ പെട്രോൾ പമ്പിലെത്തി അപകടകരമായ രീതിയിൽ പുറത്തേയ്ക്ക് ഓടിച്ചു പോകുന്ന സിസിടിവി ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വാഹനം പിറകോട്ട് തിരിക്കാൻ ബുദ്ധിമുട്ടുന്നതും അശ്രദ്ധയോടെ വണ്ടിയോടിക്കുന്നതും വീഡിയോയിൽ കാണാം. ഇയാൾക്കൊപ്പമുണ്ടായിരുന്ന സഹയാത്രികൻ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.
ബസുമായി കൂട്ടിയിടച്ചതിന് പിന്നാലെ ശിവശങ്കറിന്റെ ബൈക്ക് 200 മീറ്ററോളം മുന്നോട്ട് നീങ്ങിയിരുന്നു. ബൈക്കിൽ നിന്നുള്ള ഘർഷണവും ഇന്ധന ചോർച്ചയുമാണ് വൻ തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു.
ഹൈദരാബാദില്‍ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന ബസും ബൈക്കും കൂട്ടിയിടിച്ചതിന് പിന്നാലെയാണ് അപകടം നടന്നത്. ബസിന്റെ ഇന്ധന ടാങ്കില്‍ ബൈക്ക് ഉരഞ്ഞാണ് അപകടമുണ്ടായത്. അപകടം നടക്കുമ്പോള്‍ എയര്‍കണ്ടീഷന്‍ ചെയ്ത ബസിന്റെ വാതിലുകള്‍ ലോക്ക് ആയി കിടക്കുകയായിരുന്നുവെന്നും ഏറെ ബുദ്ധിമുട്ടിയാണ് ജനല്‍ ചില്ലുകള്‍ ചവിട്ടി തുറന്ന് പുറത്തു കടക്കാനായതെന്ന് യാത്രക്കാര്‍ ഓര്‍ത്തെടുത്തു.
യാത്രക്കാരെല്ലാം ഉറങ്ങുന്ന സമയത്താണ് അപകടമുണ്ടായത് എന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നതിനു മുമ്പ് തന്നെ തീ പൂര്‍ണമായും പടര്‍ന്നു കഴിഞ്ഞിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഉണര്‍ന്നവരാണ് ജനലുകള്‍ തകര്‍ത്ത് രക്ഷപ്പെട്ടത്. രക്ഷപ്പെട്ടവരെല്ലാം 25 നും 35 നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ്. രണ്ട് ഡ്രൈവര്‍മാരും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്.