NATIONAL

നാല് സെക്കന്‍ഡ്... സകല നിയന്ത്രണവും നഷ്ടപ്പെട്ട് വിമാനം ആകാശത്ത്; മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങള്‍ ഒരേസമയം തകരാറിലായി!

വിമാനത്തിന്റെ എലിവേറ്ററുകളും എയിലറണുകളും ഉൾപ്പെടെ നിയന്ത്രണ സംവിധാനങ്ങളാണ് പ്രവര്‍ത്തനരഹിതമായത്

Author : ന്യൂസ് ഡെസ്ക്

ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്കുള്ള യാത്രക്കിടെ 300 അടി താഴ്ചയിലേക്ക് പതിച്ച എയർ ഇന്ത്യ വിമാനത്തിന്റെ നിയന്ത്രണം ആകാശത്തുവെച്ച് നാല് സെക്കൻഡ് നേരത്തേക്ക് നഷ്ടപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്. വിമാനത്തിലെ മൂന്നു ഹൈഡ്രോളിക് സംവിധാനങ്ങളും ഒരേസമയം തകരാറിലായതാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായത്. പൈലറ്റിന്റെ നിർദേശങ്ങളോട് പ്രതികരിക്കാതിരുന്ന വിമാനം പെട്ടെന്ന് 300 അടി താഴേക്ക് പതിക്കുകയായിരുന്നു. ഇതോടെ 'ഓട്ടോ പൈലറ്റ്' സംവിധാനവും പ്രവർത്തനരഹിതമായി. ഹൈഡ്രോളിക് സംവിധാനങ്ങൾ വീണ്ടും പ്രവർത്തനക്ഷമമായതോടെയാണ് വലിയ അപകടം ഒഴിവായതെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനം പെട്ടെന്ന് താഴേക്ക് പതിച്ചതിനെത്തുടര്‍ന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു.

എയർബസ് എ-320 നിയോ വിമാനത്തിന്റെ ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറിലെ (ബ്ലാക്ക് ബോക്സ്) വിവരങ്ങളുടെ പ്രാഥമിക പരിശോധനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. വിമാനത്തിന്റെ എലിവേറ്ററുകളും എയിലറണുകളും ഉൾപ്പെടെ പ്രധാന നിയന്ത്രണ സംവിധാനങ്ങളാണ് നാല് സെക്കന്‍ഡ് പ്രവര്‍ത്തനരഹിതമായത്. വിമാനത്തിന്റെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും തകരാറിലായതോടെ, പൈലറ്റ് നിര്‍ദേശങ്ങളൊന്നും കൂടാതെ തന്നെ വിമാനം താഴുകയായിരുന്നു. ഓട്ടോ പൈലറ്റ് സംവിധാനവും പ്രവര്‍ത്തനരഹിതമായി.

വിമാനം കൂപ്പുകുത്തുമെന്ന തരത്തില്‍ കോക്‌പിറ്റില്‍ മുന്നറിയിപ്പുകള്‍ വന്നതിനെത്തുടര്‍ന്ന് നിയന്ത്രണം തിരിച്ചുപിടിക്കാന്‍ കോ പൈലറ്റ് ശ്രമിച്ചിരുന്നെങ്കിലും, ഹൈഡ്രോളിക് തകരാർ കാരണം അതൊന്നും ഫലവത്തായില്ല. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും പ്രവർത്തനക്ഷമമായതാണ് വലിയ അപകടത്തില്‍നിന്ന് രക്ഷപ്പെടാന്‍ സാധിച്ചത്. പ്രഷര്‍ സെന്‍സറുകളിലൊന്നില്‍ സംഭവിച്ച തകാരാറാണ് ഹൈഡ്രോളിക് സംവിധാനത്തെ ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിമാനത്തിന് ഗുരുതര സാങ്കേതിക തകരാറുകള്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നു.

സാങ്കേതിക പ്രശ്നങ്ങൾക്കു പുറമെ, വിമാനത്തിന്റെ ക്യാപ്റ്റൻ കഞ്ചാവ് ഉപയോഗിച്ചിരുന്നതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വിമാനത്തിന്റെ പൈലറ്റ് ഇൻ കമാൻഡ് ആയ ക്യാപ്റ്റൻ സുദീപ് വസിഷ്ഠയാണ് ലഹരി ഉപയോഗിച്ചത്. വിമാനം ലാൻഡ് ചെയ്തശേഷം നടത്തിയ രണ്ടു പരിശോധനകളിലും പൈലറ്റിന്റെ ശരീരത്തില്‍ കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. യാത്രക്കിടെ പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നതായി മറ്റൊരു ജീവനക്കാരന്‍ പരാതിയും നല്‍കിയിരുന്നു. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും, താഴേക്ക് പതിക്കുകയും ചെയ്ത സമയങ്ങളിലെല്ലാം കോ പൈലറ്റാണ് വിമാനം നിയന്ത്രിച്ചിരുന്നതെന്നാണ് വിവരം.

SCROLL FOR NEXT