Image: ANI
NATIONAL

ഒടുവില്‍ ഖമനേയിക്ക് അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; ഇറാന്‍ എംബസി സന്ദര്‍ശിച്ച് വിദേശകാര്യ സെക്രട്ടറി

ഡല്‍ഹിയിലെ എംബസിയിലെത്തി ഇറാന്‍ അംബാസിഡറെ കണ്ടാണ് അനുശോചനം രേഖപ്പെടുത്തിയത്

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി ഡല്‍ഹിയിലെ എംബസിയിലെത്തി ഇറാന്‍ അംബാസിഡറെ കണ്ടാണ് അനുശോചനം രേഖപ്പെടുത്തിയത്.

ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. ഇതിനെതിരെ ചോദ്യങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

ഖമനേയിയുടെ കൊലപാതകത്തിനു പിന്നാലെ പശ്ചിമേഷ്യയിലുണ്ടായ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക രേഖപ്പെടുത്തുകയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനേയും മോദി വിളിച്ചിരുന്നു. എന്നാല്‍, ഖമനേയി കൊല്ലപ്പെട്ട ആക്രമണത്തെ ഇന്ത്യ നേരത്തേ അപലപിച്ചിരുന്നില്ല. ഔദ്യോഗിക പ്രസ്താവന വേണമെന്ന പ്രതിപക്ഷത്തിന്റെ ശക്തമായ ആവശ്യത്തോട് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ മൗനം പാലിക്കുകയായിരുന്നു.

ഇതിനു പിന്നാലെയാണ് ഇന്ത്യയുടെ ചുവടുമാറ്റം. ജി7 രാജ്യങ്ങളുടെ നിലപാടിന് സമാനമായിരുന്നു ന്യൂഡല്‍ഹിയുടെ പ്രതികരണം. ഈ രാജ്യങ്ങളൊന്നും തന്നെ അനുശോചനം രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇറാനുമായി ഇന്ത്യക്കുള്ള ദീര്‍ഘകാല ബന്ധം ചൂണ്ടിക്കാട്ടി പ്രതിപക്ഷം അനുശോചനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഒരുകാലത്ത് ഇന്ത്യ തങ്ങളുടെ എണ്ണയുടെ 13 ശതമാനവും ഇറാനില്‍ നിന്നാണ് വാങ്ങിയിരുന്നത്. കൂടാതെ വലിയ തോതിലുള്ള വ്യാപാരവും നടത്തിയിരുന്നു. എന്നാല്‍ ആണവ കരാറില്‍ നിന്നുള്ള പിന്മാറ്റത്തെത്തുടര്‍ന്ന് അമേരിക്ക ഇറാന്റെ മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഈ വ്യാപാരബന്ധത്തില്‍ വലിയ കുറവുണ്ടായി.

SCROLL FOR NEXT