മുതിർന്ന നേതാക്കള്‍ സമരതീക്ഷ്‌ണമായ ഇന്നലെകളിലെ ഓർമകള്‍ പങ്കിട്ട, പൂർവകാല നേതൃസംഗമം 18ാം എസ്‌എഫ്‌ഐ അഖിലേന്ത്യാ സമ്മേളന വേദിയെ ആവേശത്തിലാഴ്ത്തി. എസ്‌എഫ്‌ഐ പ്രഥമ ജനറൽ സെക്രട്ടറി ബിമൻ ബസു, പ്രകാശ് കാരാട്ട്, എം.എ. ബേബി തുടങ്ങിയ പൂർവകാല നേതാക്കൾ സീതാറാം യെച്ചൂരി–നെപാൾദേവ് ഭട്ടാചാര്യ മഞ്ചില്‍ തലമുറകളുടെ സംഗമത്തിൽ പങ്കാളികളായി.
ചരിത്രമുറങ്ങുന്ന കോഴിക്കോട് കടപ്പുറത്തിന് സമീപം തയ്യാറാക്കിയ സമ്മേളന നഗരി പ്രതിനിധികളെക്കൊണ്ട് നിറഞ്ഞു. കണ്ഠം പൊട്ടുമാറ് ഉച്ചത്തിലുള്ള 'ഇൻക്വിലാബ്' വിളികളോടെയാണ് പുതിയ തലമുറയിലെ എസ്എഫ്ഐ പ്രവർത്തകർ പൂർവകാല നേതൃനിരയെ വേദിയിലേക്ക് ആനയിച്ചത്.
എസ്‌എഫ്‌ഐ 18ാം അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൂർവകാല നേതൃ സംഗമമാണ് വിവിധ കാലങ്ങളിലെ എസ്‌എഫ്‌ഐ നേതാക്കളുടെ സർഗസംവാദത്തിന് വേദിയായത്. അടിയന്തരാവസ്ഥയിൽ എസ്‌എഫ്‌ഐ നടത്തിയ ഇടപെടലുകളും അനീതികൾക്കെതിരായ നിലപാടുകളും നേതാക്കളുടെ വാക്കുകളിൽ നിറഞ്ഞു. എസ്‌എഫ്‌ഐയുടെ ആരംഭവും ആദ്യകാല പ്രവർത്തനങ്ങളും പ്രഥമ ജനറൽ സെക്രട്ടറി ബിമൻ ബസു ഓർത്തെടുത്തു.
എസ്എഫ്ഐ രൂപം കൊണ്ട് അഞ്ച് വർഷം പൂർത്തിയാക്കുന്നതിനും മുൻപേ രാജ്യം അടിയന്തരാവസ്ഥയെ നേരിടേണ്ട ഘട്ടത്തിലേക്ക് എത്തി. രാജ്യത്ത് ആകമാനം എസ്എഫ്ഐ പ്രവർത്തകരെ ഏകോപിപ്പിച്ച് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതും, ഭരണകൂടത്തിന്റെ പ്രധാന നോട്ടപ്പുള്ളികളായി എസ്എഫ്ഐ പ്രവർത്തകർ മാറിയതും പ്രകാശ് കാരാട്ട് ഓർത്തെടുത്തു. അടിയന്തരാവസ്ഥയെക്കാൾ ഭയാനകമായ കാലഘട്ടത്തിലൂടെയാണ് ഇന്ന് നാം കടന്നുപോകുന്നതെന്നും പ്രകാശ് കാരാട്ട് ഓർമിപ്പിച്ചു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഒരാഴ്ചക്കുള്ളിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുൻപിൽ 24 സഖാക്കളോടൊന്നിച്ച് പ്രതിഷേധിച്ചതിന്റെയും, പൊലീസിന്റെ ക്രൂര മർദനത്തിന് ഇരയായതിന്റെയും ഓർമ്മകൾ എം.എ. ബേബിയും പങ്കുവെച്ചു. ജയിലിൽ കിടന്ന സമയം പഠനത്തിനായി വിനിയോഗിച്ച് ‘പഠിക്കുക പോരാടുക’ എന്ന മുദ്രാവാക്യം ജീവിതത്തിൽ പ്രവർത്തികമാക്കിയതും എം.എ. ബേബി വിവരിച്ചു.
ബിമൻ ബസു, പ്രകാശ് കാരാട്ട്, എം.എ. ബേബി എന്നിവർക്ക് പുറമെ എ. വിജയരാഘവൻ, നീലോത്പൽ ബസു, വെങ്കിടേശ്വര റാവു, കെ.എൻ. ബാലഗോപാൽ, പി. കൃഷ്‌ണപ്രസാദ്, അരുൺകുമാർ, കെ.കെ. രാഗേഷ്, പി.കെ. ബിജു, വി. ശിവദാസൻ, വിക്രംസിങ് തുടങ്ങിയവരും എസ്എഫ്ഐ അനുഭവങ്ങൾ പങ്കിട്ടു. സംഗമത്തിൽ എസ്‌എഫ്‌ഐ ദേശീയ പ്രസിഡന്റ് വി പി സാനു അധ്യക്ഷനായി. പൂർവകാല നേതൃനിരയുടെ സമരതീക്ഷ്‌ണമായ ഓർമകൾ സമ്മേളന നഗരിയെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി.