Ex-BJP MLA Atar Singh Bhadana Killed Over Stone Crusher Row in Rajasthan News Malayala 24x7
NATIONAL

സ്റ്റോൺ ക്രഷർ സംബന്ധിച്ച് തർക്കം; മുൻ ബിജെപി എംഎൽഎയെ ഗ്രാമവാസികൾ മര്‍ദ്ദിച്ചു കൊലപ്പെടുത്തി

ഞായറാഴ്ച വൈകുന്നേരത്തോടെ 40 മുതൽ 50 വരെ ആളുകളുമായി സ്ഥലത്തെത്തിയ അടാര്‍ സിംഗ് സമരക്കാരെ അവിടെനിന്ന് ബലമായി ഒഴിപ്പിക്കാൻ ശ്രമിച്ചതാണ് അക്രമത്തിന് കാരണമായതെന്ന് ഗ്രാമവാസികൾ ആരോപിക്കുന്നു.

Author : ന്യൂസ് ഡെസ്ക്

ജയ്പൂർ: രാജസ്ഥാനിലെ ഭരത്പൂരിൽ സ്റ്റോൺ ക്രഷർ തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് മുൻ ബിജെപി എംഎൽഎ ഗ്രാമവാസികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി ഭരത്പൂർ ജില്ലയിലെ ഭോണ്ട ഗ്രാമത്തിലുണ്ടായ രൂക്ഷമായ സംഘർഷത്തിലാണ് അടാര്‍ സിംഗ് ഭദാന ഒപ്പമുണ്ടായിരുന്ന സഹായി ഗഗൻ ശർമ്മയ്ക്കും നേരെ ആക്രമണമുണ്ടായത്. ഏകദേശം ഒരു വർഷത്തോളമായി അടഞ്ഞുകിടന്നിരുന്ന സ്റ്റോൺ ക്രഷർ വീണ്ടും പ്രവർത്തിപ്പിക്കാനുള്ള നീക്കമാണ് വൻ സംഘർഷത്തിലേക്ക് വഴിമാറിയത്. സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നും പ്രദേശത്ത് അനധികൃത ഖനനം നടത്തുന്നുവെന്നും ആരോപിച്ച് ക്രഷർ തുറക്കുന്നതിനെതിരെ ഗ്രാമവാസികൾ ദിവസമായി സമാധാനപരമായി സമരം നടത്തിവരികയായിരുന്നു.

ഞായറാഴ്ച വൈകുന്നേരത്തോടെ 40 മുതൽ 50 വരെ ആളുകളുമായി സ്ഥലത്തെത്തിയ അടാര്‍ സിംഗ് സമരക്കാരെ അവിടെനിന്ന് ബലമായി ഒഴിപ്പിക്കാൻ ശ്രമിച്ചതാണ് അക്രമത്തിന് കാരണമായതെന്ന് ഗ്രാമവാസികൾ ആരോപിക്കുന്നു. വാക്കുതർക്കം രൂക്ഷമായതോടെ പ്രദേശവാസികൾ വടികളും കല്ലുകളും ഉപയോഗിച്ച് മുന്‍ എംഎല്‍എയെയും സഹായിയെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അടാര്‍ സിംഗിന്‍റെ നില അതീവ ഗുരുതരമായതിനെ തുടർന്ന് ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരണപ്പെട്ടത്. പരിക്കേറ്റ സഹായി ഗഗൻ ശർമ്മ ഭരത്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിന് പിന്നാലെ ഇരുവിഭാഗങ്ങളും പരസ്പരം ആക്രമിച്ചതായി പോലീസിന് പരാതി നൽകിയിട്ടുണ്ട്. പ്രദേശത്ത് കനത്ത സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ ക്രമസമാധാനം ഉറപ്പാക്കാൻ ഭോണ്ട ഗ്രാമത്തിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചതായി സർക്കിൾ ഓഫീസർ നീരജ് ഭരദ്വാജ് അറിയിച്ചു. മുൻ എംഎൽഎയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും സംഘർഷത്തിന് കാരണക്കാരായവരെ ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.

2003 മുതൽ 2008 വരെയാണ് അടാര്‍ സിംഗ് ഭദാന രാജസ്ഥാൻ നിയമസഭയിൽ എംഎൽഎ ആയിരുന്നത്. ഭരത്പൂർ ജില്ലയിലെ ബയാന മണ്ഡലത്തിൽ നിന്നാണ് ബിജെപി ടിക്കറ്റിൽ മത്സരിച്ച് അദ്ദേഹം വിജയിച്ചത്. മുൻപ് ബിജെപി കിസാൻ മോർച്ചയുടെ രാജസ്ഥാൻ സംസ്ഥാന അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്. 2008-ലെ ഗുജ്ജർ സംവരണ പ്രക്ഷോഭങ്ങൾക്ക് ശേഷമുണ്ടായ രാഷ്ട്രീയ മാറ്റങ്ങളിൽ അദ്ദേഹം ബിജെപി വിടുകയും പിന്നീട് ബിഎസ്പി, കോൺഗ്രസ് എന്നീ പാർട്ടികളുമായി അടുത്ത് പ്രവര്‍ത്തിച്ചിരു്നു. പിന്നീട് ബിജെപിയിലേക്ക് മടങ്ങിയെത്തിയെങ്കിലും പാർട്ടിയിൽ ഔദ്യോഗിക പദവികൾ ഉണ്ടായിരുന്നില്ല.

SCROLL FOR NEXT