ലാത്തൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീല്‍ (90) അന്തരിച്ചു. ലാത്തൂരിലെ വസതിയില്‍ വെച്ച് വെള്ളിയാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ലാത്തൂരിലെ വസതിയായ 'ദേവ്ഘര്‍' ല്‍ വിശ്രമത്തിലായിരുന്നു.
മകന്‍ ശൈലേഷ് പാട്ടീല്‍, ഭാര്യയും ബിജെപി നേതാവുമായ അര്‍ച്ചന, രണ്ട് പേരക്കുട്ടികള്‍ എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം കഴിഞ്ഞിരുന്നത്.
2004 മുതല്‍ 2008 വരെ കേന്ദ്ര ആഭ്യന്തര മന്ത്രിയും 1991 മുതല്‍ 1996 വരെ ലോക്സഭയുടെ പത്താമത്തെ സ്പീക്കറുമായിരുന്നു. പഞ്ചാബ് ഗവര്‍ണറായിരുന്ന അദ്ദേഹം 2010 മുതല്‍ 2015 വരെ കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിന്റെ അഡ്മിനിസ്‌ട്രേറ്ററായും സേവനമനുഷ്ഠിച്ചു.
1935 ഒക്ടോബര്‍ 12 നായിരുന്നു ജനനം. ലാത്തൂരിലെ മുന്‍സിപ്പല്‍ കൗണ്‍സില്‍ മേധാവിയായിട്ടായിരുന്നു രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. എഴുപതുകളില്‍ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ഏഴ് തവണ ലാത്തൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചിട്ടുണ്ട്. 2004 ല്‍ ബിജെപിയുടെ രൂപതായ് പാട്ടീല്‍ നിലങ്കേകറിനോട് മത്സരിച്ച് തോറ്റു.
വിശാലമായ വായന, സൂക്ഷ്മമായ പഠനം, വ്യക്തമായ അവതരണം എന്നിവയ്ക്കും പാട്ടീല്‍ അറിയപ്പെട്ടിരുന്നു. മറാത്തി, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യവും ഭരണഘടനാ കാര്യങ്ങളിലുള്ള അസാധാരണമായ ഗ്രാഹ്യവുമാണ് അദ്ദേഹത്തെ അക്കാലത്തെ വളരെ ആദരണീയനായ പാര്‍ലമെന്റേറിയനാക്കി മാറ്റിയത്.