ധർമസ്ഥല  Source: PTI
NATIONAL

ധര്‍മസ്ഥലയിലെ നാലാം ദിന പരിശോധന; 7, 8 പോയിന്റുകളില്‍ നിന്നും ഒന്നും കണ്ടെത്താനായില്ല

ഉച്ചയോടെ എട്ടാമത്തെ പോയിന്റിലേക്ക് നീക്കുകയായിരുന്നു. സമാനമായി മണ്ണെടുത്ത് പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല.

Author : ന്യൂസ് ഡെസ്ക്

ധര്‍മസ്ഥലയിലെ നാലാം ദിന പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. ഏഴ്, എട്ട് പോയിന്റുകളിലാണ് കുഴിച്ചെടുത്ത് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം പോയിന്റ് ആറില്‍ നിന്നും ലഭിച്ച അസ്ഥിഭാഗങ്ങള്‍ വിശദ പരിശോധനയ്ക്കായി ബാഗ്ലൂരിലെ ലാബിലേക്ക് മാറ്റി.

രാവിലെ 11 മണിയോടെയാണ് സാക്ഷി ചൂണ്ടിക്കാട്ടിയ ഏഴാമത്തെ പോയിന്റില്‍ പരിശോധന ആരംഭിച്ചത്. ചെറു മണ്ണുമാന്തി യന്ത്രമെത്തിച്ച് ആദ്യം ചെറുമരങ്ങളും ചെടികളും പിഴുതുമാറ്റിയ ശേഷം 2 അടി താഴ്ചയില്‍ കുഴിയെടുത്തു. പിന്നീട് പ്രാദേശികമായുള്ള തൊഴിലാളികള്‍ മണ്ണ് നീക്കുകയായിരുന്നു. 6 അടി താഴ്ചയില്‍ മണ്ണ് നീക്കിയെങ്കിലും ഒന്നും ലഭിച്ചില്ല. ഉച്ചയോടെ എട്ടാമത്തെ പോയിന്റിലേക്ക് നീക്കുകയായിരുന്നു. സമാനമായി മണ്ണെടുത്ത് പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല.

2019ലെ പ്രളയത്തില്‍ മണ്ണിടിയുകയും വെള്ളം കയറുകയും ചെയ്തിനാലാകാം അസ്ഥി ലഭിക്കാത്തതെന്നാണ് സാക്ഷിയുടെ വിശദീകരണം. എന്നാല്‍ 9 മുതല്‍ 12 വരെയുള്ള ഭാഗങ്ങള്‍ റോഡിനോട് ചേര്‍ന്ന ഭാഗങ്ങളായതിനാല്‍ ഇവിടെ നിന്നും അസ്ഥികള്‍ ലഭിക്കുമെന്നാണ് സാക്ഷി ഉറച്ചു വിശ്വസിക്കുന്നത്. അതിനിടെ പോയിന്റ് 6 ല്‍ നിന്നും ഇന്നലെ ലഭിച്ച അസ്ഥിഭാഗങ്ങള്‍ പുരുഷന്റെ അസ്ഥിയാണെന്ന് കണ്ടെത്തിയെങ്കിലും ഏതൊക്കെ ഭാഗങ്ങളാണെന്ന് സ്ഥിരീകരിച്ചില്ല. ഒരു താടിയെല്ലും രണ്ട് തുടയെല്ലും 5 പല്ലുകളുമാണ് ലഭിച്ചത്.

ചില അസ്ഥിഭാഗങ്ങള്‍ പൊട്ടിയതിനാല്‍ ഏത് ഭാഗമാണെന്ന് സ്ഥിരീകരിക്കാനായില്ല. ഇത് തിരിച്ചറിയാനും കാലപ്പഴക്കം, പ്രായം തുടങ്ങിയവ നിര്‍ണ്ണയിക്കാനും അസ്ഥികള്‍ ബാഗ്ലൂരിലെ എഫ് എസ് എല്‍ ലാബിലേക്ക് മാറ്റി. ഡിഎന്‍എ സാമ്പിളും ശേഖരിക്കും. ഇനി കുഴിക്കാനുള്ള പോയിന്റുകള്‍ പെനട്രല്‍ റഡാര്‍ ഉപയോഗിച്ച് പരിശോധന നടത്തുന്ന കാര്യം പരിഗണനയിലാണ്. 15 മീറ്റര്‍ ആഴത്തിലുള്ള വസ്തുക്കള്‍ കെണ്ടത്താനാകുന്ന റഡാറാണ് ഉപയോഗിക്കുക. എന്നാല്‍ കാടിനകത്തെ പരിശോധനയില്‍ വ്യക്തമായ ചിത്രങ്ങള്‍ ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

ഡിജിപിയാകും ഈ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഇനിയുള്ള ഓരോ കുഴിയില്‍ നിന്നും ഒന്നില്‍ കൂടുതല്‍ അസ്ഥിഭാഗങ്ങള്‍ ലഭിക്കുമെന്നാണ് സാക്ഷി ആവര്‍ത്തിച്ചു പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സമയമെടുത്തായിരുന്നു തെരച്ചില്‍. പരിശോധന റോഡിനേട് ചേര്‍ന്നുള്ള ഭാഗങ്ങളിലേക്ക് നീങ്ങിയതോടെ പൊലീസ് സുരക്ഷ ശകതമാക്കിയിട്ടുണ്ട്.

അതിനിടെ നേത്രാവതി പുഴയോരത്തെ കാട്ടില്‍ വര്‍ഷങ്ങളായി സംസ്‌കരങ്ങള്‍ നടക്കാറുണ്ടെന്ന അവകാശവാദവുമായി ധര്‍മസ്ഥല പഞ്ചായത്ത് മുന്‍പ്രസിഡന്റ് കേശവ ഗൗഡ രംഗത്തെത്തി. നദിയില്‍ ഒഴുകി വരുന്ന മൃതദേഹങ്ങളും തിരിച്ചറിയാത്ത മൃതദേഹങ്ങളും 1985 മുതല്‍ ഈ കാട്ടിലാണ് സംസ്‌കരിക്കാറെന്നും പൊലിസിനെ അറിയിച്ച് രേഖ പ്രകാരമുള്ള ഈ കാര്യങ്ങളെല്ലാം അറിയാവുന്നയാളാണ് ഇപ്പോഴത്തെ സാക്ഷിയെന്നുമാണ് ഗൗഡയുടെ പക്ഷം.

പെണ്‍കുട്ടികളേയും യുവതികളേയും കാണാതായതുമായി ബന്ധപ്പെട്ട് പ്രത്രേക അന്വേഷണ സംഘത്തിന് കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതും വിശദമായി പരിശോധിക്കും.

SCROLL FOR NEXT