പൈലറ്റുമാർ ഇല്ലാത്തതിനെ തുടർന്ന് ഇന്ത്യയിലുടനീളം തുടരുന്ന പ്രതിസന്ധികൾക്കിടയിൽ ഡിസംബർ 5 നും 15 നും ഇടയിൽ റദ്ദാക്കിയ എല്ലാ സർവീസുകൾക്കും മുഴുവൻ റീഫണ്ടും വാഗ്ദാനം ചെയ്ത് ഇൻഡിഗോ. ഈ കാലയളവിൽ ക്യാൻസൽ ചെയ്യുന്നവർക്കും റീ ഷെഡ്യൂൾ ചെയ്യുന്നവർക്കും പൂർണമായ ഇളവ് നൽകിയിട്ടുണ്ടെന്നും ഇൻഡിഗോ അറിയിച്ചു.
വിമാനത്താവളങ്ങളിൽ ഭക്ഷണവും ലഘുഭക്ഷണവും ഒരുക്കുന്നതിനൊപ്പം യാത്രക്കാരുടെ അസൗകര്യം ലഘൂകരിക്കുന്നതിനായി ആയിരക്കണക്കിന് ഹോട്ടൽ മുറികളും മറ്റ് ഗതാഗത ഓപ്ഷനുകളും ക്രമീകരിച്ചിട്ടുള്ളതായും എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ എയർലൈൻ വ്യക്തമാക്കി. കൂടാതെ, സാധ്യമാകുന്നിടത്തെല്ലാം മുതിർന്ന പൗരന്മാർക്ക് ലോഞ്ച് ആക്‌സസ് നൽകുന്നുണ്ടെന്ന് ഇൻഡിഗോ അറിയിച്ചു.
രാജ്യത്തെ എല്ലാ പ്രധാന വിമാനത്താവളങ്ങളിലും വ്യാപകമായ കുഴപ്പങ്ങൾക്ക് കാരണമായ സാങ്കേതിക തകർച്ചയിൽ ഇൻഡിഗോ വീണ്ടും യാത്രക്കാരോട് ക്ഷമാപണം നടത്തി. വെള്ളിയാഴ്ചയാണ് ഏറ്റവും കൂടുതൽ വിമാനങ്ങൾ റദ്ദാക്കിയത്. 750 ലധികം വിമാനങ്ങളാണ് രാജ്യമൊട്ടാകെ വെള്ളിയാഴ്ച മാത്രം റദ്ദാക്കിയത്. വ്യാഴാഴ്ച 550ഉം ബുധനാഴ്ച 85ഉം വിമാനങ്ങളാണ് റദ്ദ് ചെയ്തത്.
ഇൻഡിഗോയിലെ പൈലറ്റ് ക്ഷാമം ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. നൂറുകണക്കിന് യാത്രക്കാരാണ് പ്രധാന വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. ദേശീയ തലസ്ഥാനത്ത് നിന്ന് മാത്രം 235 വിമാനങ്ങളാണ് റദ്ദാക്കിയത്.
400-ലധികം വിമാനങ്ങളുള്ള, ഒരു ദിവസം ഏകദേശം 2,300 വിമാന സർവീസുകൾ നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ പൈലറ്റ് ക്ഷാമവും, ശൈത്യകാല ഷെഡ്യൂൾ സമ്മർദ്ദവുമാണ് പ്രശ്‌നത്തിന് കാരണമായത്.
പ്രവർത്തനങ്ങൾ സുസ്ഥിരമാക്കുന്നതിനായി പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധികളിലുള്ള മാനദണ്ഡങ്ങളിൽ ഭാഗിക ഇളവുകൾ വേണമെന്നും എയർലൈൻ അഭ്യർഥിച്ചിട്ടുണ്ട്. 2026 ഫെബ്രുവരിയോടെ മാത്രമേ പുതുക്കിയ ഡ്യൂട്ടി ടൈം നിയന്ത്രണം പൂർണമായി നടപ്പിലാക്കാൻ കഴിയൂ എന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിലെ പ്രതിസന്ധിയെ തുടർന്ന് സമയനിഷ്ഠ പാലിക്കുന്നത് മുഖമുദ്രയായി കണ്ടിരുന്ന ഇൻഡിഗോയുടെ ഓൺ-ടൈം പെർഫോമൻസ് (ഒടിപി) കുത്തനെ ഇടിഞ്ഞു. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൻ്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, എയർലൈനിൻ്റെ ഒടിപി ചൊവ്വാഴ്ച 35 ശതമാനത്തിൽ നിന്ന് ബുധനാഴ്ച 19.7 ശതമാനമായി കുറഞ്ഞു, വ്യാഴാഴ്ച അത് വെറും 8.5 ശതമാനമായിരുന്നു.