Gujarat Court Cites Manusmriti, Gives Life Sentence to 3 for Cow Slaughter News Malayalam 24x7
NATIONAL

പശു കശാപ്പ് നടത്തിയ മൂന്ന് പേർക്ക് ജീവപര്യന്തം; കടുത്ത ശിക്ഷ നൽകിയില്ലെങ്കിൽ ഗോമാതാവിന്റെ വംശം അറ്റുപോവുമെന്ന് കോടതി; വിധിയിൽ മനുസ്മൃതി ശ്ലോകങ്ങൾ ഉദ്ധരിച്ച് ഗുജറാത്ത് കോടതി

2024 ആഗസ്റ്റ് 22-നാണ് താപി ജില്ലയിൽ പശുക്കളെ അനധികൃതമായി അറുത്ത് മാംസം കടത്തിയതുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Author : ന്യൂസ് ഡെസ്ക്

ഗാന്ധിനഗർ: പശുവിനെ അറുത്ത കേസിൽ പിതാവും മകനും ഉൾപ്പെടെ മൂന്ന് പേർക്ക് ജീവപര്യന്തം കഠിനതടവ് വിധിച്ച് ഗുജറാത്തിലെ താപി ജില്ലാ സെഷൻസ് കോടതി . ഗോവധത്തിന് പരമാവധി ശിക്ഷ നൽകിയില്ലെങ്കിൽ 'ഗോമാതാവിന്റെ' വംശം തന്നെ ഭൂമിയിൽ നിന്ന് അറ്റുപോവുന്ന അവസ്ഥയുണ്ടാകുമെന്ന് നിരീക്ഷിച്ച വ്യാര അഡീഷണൽ സെഷൻസ് ജഡ്ജി ബി.ആർ. രാജ്പുത്, പശുക്കളുടെ പ്രാധാന്യം വ്യക്തമാക്കാൻ പ്രാചീന സംസ്കൃത ഗ്രന്ഥമായ മനുസ്മൃതിയിലെയും വേദങ്ങളിലെയും ശ്ലോകങ്ങൾ വിധിന്യായത്തിൽ എടുത്തുദ്ധരിച്ചു.

2024 ആഗസ്റ്റ് 22-നാണ് താപി ജില്ലയിൽ പശുക്കളെ അനധികൃതമായി അറുത്ത് മാംസം കടത്തിയതുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഗുജറാത്ത് മൃഗസംരക്ഷണ നിയമം 2017-ൽ ഭേദഗതി ചെയ്തുകൊണ്ട് പശുക്കളെ കൊല്ലുന്നവർക്ക് ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്ത നിയമപ്രകാരമാണ് പ്രതികൾക്ക് പരമാവധി ശിക്ഷ വിധിച്ചത്. പ്രതികൾ ലക്ഷക്കണക്കിന് രൂപ പിഴയായും കെട്ടിവെക്കണം.

പശു വെറുമൊരു മൃഗമല്ലെന്നും ഭൂമിയിലെ ധർമ്മത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായ അമ്മയാണെന്നും നിരീക്ഷിച്ച കോടതി, പശുക്കളെ സംരക്ഷിക്കുന്നത് ഭൂമിയെയും ധർമ്മത്തെയും സംരക്ഷിക്കുന്നതിന് തുല്യമാണെന്ന് മനുസ്മൃതി ശ്ലോകങ്ങൾ ഉദ്ധരിച്ചുകൊണ്ട് വ്യക്തമാക്കി. പശുക്കളെ കൊല്ലുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ദേശങ്ങളിൽ കടുത്ത ദുരിതങ്ങളും അധർമ്മവും നാശവും ഉണ്ടാകുമെന്ന് വേദങ്ങൾ വ്യക്തമാക്കുന്നുണ്ടെന്നും, ഗോവധം സമൂഹത്തിനും മനുഷ്യരാശിക്കും എതിരായ അതീവ ഗുരുതരമായ പാപവും കുറ്റകൃത്യവുമാണെന്നും വിധിന്യായത്തിൽ പറയുന്നു.

ഇത്തരം കൃത്യങ്ങൾ ചെയ്യുന്നവർക്ക് കഠിനമായ ശിക്ഷ നൽകി മാതൃക കാട്ടിയില്ലെങ്കിൽ ഭാവിയിൽ പശുക്കൾ ഓർമ്മ മാത്രമായി മാറുന്ന ഭയാനകമായ സാഹചര്യമുണ്ടാകും. സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന മറ്റുള്ളവർക്ക് ശക്തമായ താക്കീതാകാൻ കൂടിയാണ് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയായ ജീവപര്യന്തം തടവ് നൽകുന്നതെന്നും കോടതി വ്യക്തമാക്കി. രാജ്യത്ത് മതഗ്രന്ഥങ്ങൾ ഉദ്ധരിച്ചുകൊണ്ട് ഗോവധക്കേസുകളിൽ നൽകുന്ന ഏറ്റവും കടുത്ത ശിക്ഷാവിധികളിലൊന്നായാണ് ഈ ഉത്തരവ് ദേശീയതലത്തിൽ വലിയ ശ്രദ്ധയാകർഷിക്കുന്നത്.

SCROLL FOR NEXT