ന്യൂഡല്‍ഹി: ഗോവയിലെ 25 പേരുടെ മരണത്തിനിടയാക്കിയ നിശാക്ലബിലെ തീപിടിത്തത്തിന് പിന്നാലെ രാജ്യംവിട്ട ഉടമകളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയുടെ വിവരങ്ങള്‍ പുറത്ത്. തങ്ങളും ഇരകളാണെന്നാണ് സൗരഭ് ലൂത്രയും ഗൗരവ് ലൂത്രയും പറഞ്ഞത്. സംഭവം നടക്കുമ്പോള്‍ അവര്‍ അവിടെ ഇല്ലായിരുന്നുവെന്നും അതുകൊണ്ട് തന്നെ ഇതിന്റെ ഉത്തരവാദിത്തം തങ്ങളുടെ മേല്‍ കെട്ടിവയ്ക്കാന്‍ പറ്റില്ലെന്നുമാണ് ഇരുവരും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നത്. കോടതി ജാമ്യ ഹര്‍ജി നാളെ പരിഗണിക്കും.
നിശാ ക്ലബ് നടത്തുന്നത് അവരുടെ പാര്‍ട്ണര്‍മാരും മാനേജര്‍മാരും ചേര്‍ന്നാണ്. ലൂത്ര സഹോദരന്മാര്‍ക്ക് മൂന്ന് ബിസിനസ് പാര്‍ട്ണര്‍മാരുണ്ട്. അവര്‍ നിരവധി ബിസിനസ് സ്ഥാപനങ്ങള്‍ നടത്തുന്നുണ്ടെന്നും എല്ലാത്തിന്റെയും മേല്‍നോട്ട ചുമതല നോക്കാന്‍ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
സഹോദര സ്ഥാപനങ്ങളുടെ മാനേജര്‍മാര്‍മാരാണ് കാര്യങ്ങളൊക്കെ നോക്കുന്നതെന്നും ലൂത്ര സഹോദരന്മാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. രാജ്യത്തേക്ക് മടങ്ങി വരാനും ഗോവയിലെ പ്രാദേശിക കോടതിയെ സമീപിക്കാനും അനുമതി ലഭിക്കണമെന്ന അഭ്യര്‍ഥന മാത്രമാണുള്ളതെന്നും അഭിഭാഷകന്‍ പറഞ്ഞു.
അതേസമയം തീപിടിത്തത്തില്‍ നിശാ ക്ലബ് ഉടമകള്‍ക്കതെിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചു. ലൂത്ര സഹോദരന്‍മാരുടെ ഉടമസ്ഥതയിലുള്ള മറ്റൊരു ക്ലബ് പൊളിച്ചുമാറ്റാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഉടമകളായ സൗരഭ്, സഹോദരന്‍ ഗൗരവ് എന്നിവര്‍ തായ്ലാന്‍ഡിലേക്ക് കടന്നതിന് പിന്നാലെയാണ് നടപടി. ആവശ്യമായ അനുമതി തേടാതെയാണ് ഡിജെ പാര്‍ട്ടി നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുമുണ്ട്. പ്രതികളെ തിരികെ എത്തിക്കാനായി ഗോവ പൊലീസ്, സിബിഐ ഇന്റര്‍പോള്‍ എന്നിവരുടെ സഹായം തേടിയിട്ടുണ്ട്.
പാര്‍ട്ടിക്കിടെ , കെട്ടിടത്തിനുള്ളില്‍ കത്തിച്ച പൂത്തിരികളില്‍ നിന്നും പൈറോ സ്റ്റിക്കുകളില്‍ നിന്നുമുള്ള തീപ്പൊരികള്‍ പടര്‍ന്നതാണ് തീപിടിത്തത്തിന് കാരണമായി പറയുന്നത്. തീപിടിത്തമുണ്ടായപ്പോള്‍ അപകട സൈറണ്‍ മുഴക്കുകയോ, ബേസ്‌മെന്റിലുള്ളവരെ അറിയിക്കുകയോ ചെയ്യാതെ ജീവനക്കാര്‍ ഉപകരണങ്ങള്‍ നീക്കാനാണ് ശ്രമിച്ചതെന്നാണ് രക്ഷപ്പെട്ടവര്‍ മൊഴി നല്‍കിയിരുന്നു.
ജനറല്‍ മാനേജര്‍മാര്‍ അടക്കം നാല് പേരെ റിമാന്‍ഡ് ചെയ്തു. പുറത്തേക്കുള്ള വാതിലിന് തീപിടിച്ചതോടെ രക്ഷപ്പെടാനായി ആളുകള്‍ ഇടുങ്ങിയ കോണിപടികളിലൂടെ ഇറങ്ങാന്‍ ശ്രമിച്ചതും ബേസ്‌മെന്റില്‍ വെന്റിലേഷനില്ലാതിരുന്നതും അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്നാണ് കണ്ടെത്തല്‍. പലരും തിക്കിലും തിരക്കിലും ശ്വാസം മുട്ടിയാണ് മരിച്ചത്. അപകടത്തിന് പിന്നാലെ ലുത്ര സഹോദരന്‍മാരുടെ ഗോവയിലെ രണ്ട് ക്ലബുകള്‍ അടച്ചപൂട്ടി. 2023ല്‍ ക്ലബിന് പ്രവര്‍ത്തനാനുമതി നല്‍കിയ മൂന്ന് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു . കേസില്‍ ഇതുവരെ അഞ്ച് പേര്‍ അറസ്റ്റിലായി.