പതിനാലുകാരനാണ് നിധി കണ്ടെത്തിയത്  
NATIONAL

വീട് നിര്‍മാണത്തിനിടെ കിട്ടിയത് 400 വര്‍ഷം പഴക്കമുള്ള സ്വര്‍ണാഭരണങ്ങള്‍; നിധി വേട്ടയുമായി കര്‍ണാടക സര്‍ക്കാര്‍

വീട് നിർമാണത്തിനിടെയാണ് ചെമ്പ് കുടത്തിൽ സ്വർണാഭരണങ്ങൾ കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്

ഭവന നിര്‍മാണത്തിനിടെ പ്രാചീന ആഭരണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിധി വേട്ട ആരംഭിച്ച് കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടകയിലെ ഗദഗ് ജില്ലയിലെ ചരിത്ര പ്രസിദ്ധമായ ലക്കുണ്ടി ഗ്രാമത്തിലാണ് വീട് നിര്‍മാണത്തിനിടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്.

കല്യാണി ചാലൂക്യന്മാരുടെ കാലത്തെ നിരവധി ക്ഷേത്രങ്ങളും ലിഖിതങ്ങളും പുരാതന പടവുകള കിണറുകളും കൊണ്ട് സമ്പന്നമാണ് ഈ പ്രദേശം. ഒരു വീടിന്റെ അടിത്തറ പണിയുന്നതിനിടയിലാണ് പുരാതന സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തിയത്.

കൂടുതല്‍ പുരാവസ്തു ശേഷിപ്പുകള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പുരാവസ്തു വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പരിശോധനകള്‍ നടത്തുന്നത്. ഗ്രാമത്തിലെ കോട്ട് വീരഭദ്രേശ്വര ക്ഷേത്ര പരിസരത്ത് പൂര്‍ണ്ണ തോതിലുള്ള ഖനനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ടൂറിസം, പുരാവസ്തു, ലക്കുണ്ടി പൈതൃക വികസന അതോറിറ്റി, ജില്ലാ ഭരണകൂടം എന്നിവ സംയുക്തമായാണ് ഖനനം നടത്തുന്നത്. ഖനനത്തിനായി ക്ഷേത്രപരിസരത്ത് ജെസിബികളും ട്രക്കുകളും ട്രാക്ടറുകളും എത്തിച്ചു.

ചാലൂക്യര്‍, രാഷ്ട്രകൂടര്‍, ഹൊയ്‌സാലര്‍, കല്‍ച്ചൂരികള്‍, വിജയനഗര രാജാക്കന്മാര്‍ തുടങ്ങിയ ഭരണാധികാരികളുടെ പൈതൃകങ്ങളുടെ കേന്ദ്രമാണ് ലക്കുണ്ടി. പുരാതന കാലത്ത് സ്വര്‍ണ്ണ നാണയങ്ങള്‍ നിര്‍മിച്ചിരുന്ന സ്ഥലമായിരുന്നു ലക്കുണ്ടി എന്ന് പുരാവസ്തു വകുപ്പിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

രണ്ട് ദിവസം മുമ്പാണ് ലക്കുണ്ടിയില്‍ ഒരു ചെമ്പ് കുടത്തിനകത്ത് സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്. 470 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് കുടത്തില്‍ ഉണ്ടായിരുന്നത്. ഒരു കുട്ടിയാണ് നിധി കണ്ടെത്തിയത്. നാനൂറ് വര്‍ഷം പഴക്കമുള്ള ആഭരണങ്ങളാണിതെന്നാണ് വിലയിരുത്തല്‍.

വളകള്‍, കമ്മലുകള്‍, ചെറിയ ലോക്കറ്റുകള്‍ എന്നിവയാണ് ചെമ്പ് കുടത്തില്‍ നിന്ന് ലഭിച്ചത്. പദേശത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിധി കൈമാറിയ കുട്ടിയെ ജില്ലാ ഭരണകൂടം ആദരിച്ചിരുന്നു. കുട്ടിയുടെ കുടുംബത്തിന് നിധിയുടെ മൂല്യത്തിന്റെ 20 ശതമാനം ലഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശത്ത് പുരാതനകാലത്തെ സ്വര്‍ണവും വെള്ളികളും ഇനിയും കണ്ടെത്താനാകുമെന്നാണ് അധികൃതര്‍ കണക്കു കൂട്ടുന്നത്.

SCROLL FOR NEXT