വാല്‍പ്പാറ: കാട്ടാന ആക്രമണത്തില്‍ മുത്തശ്ശിക്കും കൊച്ചു മകള്‍ക്കും ദാരുണാന്ത്യം. തമിഴ്‌നാട് വാല്‍പ്പാറയില്‍ വാട്ടര്‍ ഫാള്‍ എസ്റ്റേറ്റിലെ താമസക്കാരായ അസ്‌ലയെന്ന 55 വയസുകാരിയും മൂന്നു വയസുള്ള കൊച്ചുമകള്‍ ഹേമശ്രീയുമാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഇവര്‍ താമസിച്ച ലയത്തിന്റെ വാതില്‍ തകര്‍ത്തെത്തിയ കാട്ടാനയാണ് ഇരുവരെയും ആക്രമിച്ച് കൊലപ്പെടുത്തിയത്.
വന്യമൃഗ - മനുഷ്യ സംഘര്‍ഷത്തെ തുടര്‍ന്ന് ജനങ്ങളുടെ ജീവിതം ദുരിതത്തിലായ വാല്‍പ്പാറയിലാണ് രണ്ട് ജീവനുകള്‍ കൂടി കാട്ടാന കവര്‍ന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ഇവരുടെ താമസ സ്ഥലത്ത് എത്തിയ ആന വീട് തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അസ്ല ഉറക്കമുണരുകയും കുഞ്ഞുമായി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും രക്ഷപ്പെടാനായില്ല.
അസ്ലയെ തട്ടിത്തെറിപ്പിച്ച ആനയുടെ കാലിനടിയില്‍പെട്ടാണ് ഹേമശ്രീ കൊല്ലപ്പെട്ടത്. ഗുരുതരമായ പരിക്കേറ്റ അസ്ലയെ ആന പിന്‍വാങ്ങിയതിനു ശേഷമേ ആശുപത്രിയില്‍ എത്തിക്കാനായുള്ളൂ. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ആനയെ കാടുകയറ്റാന്‍ ശ്രമം നടത്തിയെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷമാണ് ആന തിരികെ മടങ്ങിയത്.
ഹേമശ്രീയുടെയും അസ്ലയുടെയും മൃതദേഹങ്ങള്‍ വാല്‍പ്പാറ ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദ്ദേഹങ്ങള്‍ വേഗത്തില്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്നും കുടുംബത്തിന് അര്‍ഹമായ നഷ്ട പരിഹാരം നല്‍കുമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.