മുംബൈയിൽ കാൻസർ രോഗിയായ മുത്തശ്ശിയെ മാലിന്യത്തിൽ ഉപേക്ഷിച്ച് ചെറുമകൻ. അറുപത് വയസുകാരിയായ യശോദ ഗൈക്വാഡിനെയാണ് മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. യശോദയുടെ കുടുംബത്തെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.
ശനിയാഴ്ച രാവിലെയാണ് അരേ കോളനിയിലെ മാലിന്യ കൂമ്പാരത്തിൽ നിന്നും പൊലീസ് യശോദയെ കണ്ടെത്തിയത്. പ്രായത്തിൻ്റെ അവശതകൾക്കൊപ്പം കാൻസർ രോഗത്തിൻ്റെ വെല്ലുവിളിയും നേരിടുന്ന ഇവർ അഴുകിയ മാലിന്യങ്ങൾക്കൊപ്പം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.പൊലീസ് അന്വേഷിച്ചപ്പോഴാണ് നടുക്കുന്ന കാഴ്ചകൾ പോലെ നടുക്കുന്ന വിവരവും യശോദ പറഞ്ഞത്.
ത്വക്കിന് ക്യാൻസർ ബാധിച്ച ഇവരെ സ്വന്തം ചെറുമകൻ തന്നെ മാലിന്യത്തിൽ തള്ളുകയായിരുന്നു. പൊലീസ് കണ്ടെത്തിയപ്പോൾ മുഖവും ശരീരവും പഴുത്ത മുറിവുകൾ ഉള്ള നിലയിലായിരുന്നു. കൃത്യമായ ചികിത്സയും ഇതുവരെ ലഭിച്ചിരുന്നില്ല.
ഗുരുതരാവസ്ഥയിലായതിനാൽ ഇവരെ ആശുപത്രിയിലെത്തിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും അവിടെയും പ്രതിസന്ധികളേറെയായിരുന്നു. അസുഖം മൂർച്ഛിച്ചിരുന്നതിനാൽ പല ആശുപത്രികളും ചികിത്സ നിഷേധിച്ചു. ഒടുവിൽ എട്ട് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് മുംബൈയിലെ കൂപ്പർ ആശുപത്രി ഇവർക്ക് ചികിത്സ നൽകാൻ തയ്യാറായത്.
രണ്ട് വിലാസങ്ങളാണ് യശോദ കുടുംബത്തിൻ്റേതാണെന്ന് അവകാശപ്പെട്ട് പൊലീസിന് നൽകിയത്. ഇതോടെ യശോദയുടെ കുടുംബത്തെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.