ഗുജറാത്ത് ബിജെപി മന്ത്രിസഭ പുനഃസംഘടനയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജയും. 19 പുതുമുഖങ്ങള്‍ അടക്കം 26 അംഗ മന്ത്രിസഭയാണ് ഇന്ന് രാവിലെ ചുമതലയേറ്റത്. ആഭ്യന്തര മന്ത്രിയായിരുന്ന ഹര്‍ഷ് സാങ്‌വി പുതിയ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു.
ഗാന്ധി നഗറിലെ മഹാത്മ മന്ദിറില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആചാര്യ ദേവ്‌രാത് ആണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. 19 അംഗ പുതുമുഖങ്ങള്‍ ചുമതലയേറ്റപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് റിവാബയുടെ പേരാണ്. ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രയായാണ് റിവാബ ചുമതലയേറ്റത്.
2019ലാണ് റിവാബ ബിജെപിയില്‍ ചേര്‍ന്ന് സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കടക്കുന്നത്. 2022ല്‍ ജാംഗര്‍ നോര്‍ത്തില്‍ നിന്നാണ് ഗുജറാത്ത് നിയമസഭയിലേക്ക് എത്തുന്നത്. 5000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റിവാബ മണ്ഡലത്തില്‍ വിജയിക്കുന്നത്. ആംആദ്മി പാര്‍ട്ടി നേതാവ് കര്‍ഷാന്‍ഭായി കര്‍മൂറിനെയാണ് തെരഞ്ഞെടുപ്പില്‍ റിവാബ തോല്‍പ്പിച്ചത്.
വളരെ കുറച്ചു കാലം മാത്രം ബിജെപിയില്‍ പ്രവര്‍ത്തന പരിചയമുള്ള, എംഎല്‍എയെ തന്നെ മന്ത്രിയാക്കാനുള്ള പാര്‍ട്ടി തീരുമാനം ഏറെ ചര്‍ച്ചയാകുന്നുമുണ്ട്. കോണ്‍ഗ്രസ് രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമാണ് റിവാബ ബിജെപിയിലേക്ക് എത്തുന്നത് എന്നതും പ്രധാനമാണ്.