Surat's 21-Crore Water Tank Was To Serve 33 Villages. It Collapsed On Day 1 News Malayalam
NATIONAL

21 കോടി വെള്ളം പോലെ ഒലിച്ചുപോയി; വൈറല്‍ സംഭവമായി 'ഗുജറാത്ത് മോഡല്‍' വാട്ടര്‍ടാങ്ക് !

സൂറത്ത് ജില്ലയിലെ 33 ഗ്രാമങ്ങളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാനായി വിഭാവനം ചെയ്ത 'ഗായ്‌പഗ്ല ഗ്രൂപ്പ് വാട്ടർ സപ്ലൈ സ്കീമിൻ്റെ' ഭാഗമായി നിര്‍മ്മിച്ചതാണ് ഭീമന്‍ ടാങ്ക്.9 ലക്ഷം ലിറ്റർ വെള്ളം ഉള്‍കൊള്ളാന്‍ കഴിയുന്ന ടാങ്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കി പരീക്ഷണം നടത്തുന്നതിനിടെ തകര്‍ന്നു.

Author : വിപിന്‍ വി.കെ

21 കോടിക്ക് നിര്‍മ്മിച്ച ഒരു വാട്ടര്‍ ടാങ്ക് 15 മീറ്റര്‍ ഉയരം. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ വിഷയം. ഗുജറാത്തിലെ സൂറത്തിലായിരുന്നു ഈ ജലസംഭരണി. നിര്‍മ്മിച്ച് ദിവസങ്ങള്‍ക്ക് ശേഷം സംഭരണി സ്ഥലത്ത് ഒന്നുമില്ല എന്ന അവസ്ഥയിലാണ്, അതാണ് ആയിരുന്നു എന്ന് വിശേഷിപ്പിച്ചത്. സൂറത്ത് ജില്ലയിലെ 33 ഗ്രാമങ്ങളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാനായി വിഭാവനം ചെയ്ത 'ഗായ്‌പഗ്ല ഗ്രൂപ്പ് വാട്ടർ സപ്ലൈ സ്കീമിൻ്റെ' ഭാഗമായി നിര്‍മ്മിച്ചതാണ് ഭീമന്‍ ടാങ്ക്.9 ലക്ഷം ലിറ്റർ വെള്ളം ഉള്‍കൊള്ളാന്‍ കഴിയുന്ന ടാങ്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കി പരീക്ഷണം നടത്തുന്നതിനിടെ തകര്‍ന്നു.

ജനുവരി 19-ന് തഡ്‌കേശ്വർ ഗ്രാമത്തിപുതുതായി നിർമ്മിച്ച 15 മീറ്റർ ഉയരമുള്ള ടാങ്കിൽ ശേഷി പരിശോധിക്കുന്നതിനായി വെള്ളം നിറച്ചപ്പോഴാണ് സംഭവം. ടാങ്ക് ചോരുകയല്ല, മറിച്ച് പൂർണ്ണമായും തകർന്നു വീഴുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ 9 ലക്ഷം ലിറ്റർ വെള്ളം കുതിച്ചൊഴുകിപ്പോയി. ഒപ്പം ആ സ്ഥലം മൊത്തം ഒരു ശവപ്പറമ്പ് പോലെയായി.

തുടക്കത്തില്‍ ചെറിയ വാര്‍ത്തയായി ഇത് വന്നെങ്കിലും രണ്ടാം ദിവസം സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചതോടെ സംഭവം കൈവിട്ടുപോയി. ഗുജറാത്തിലെ വാട്ടര്‍ ടാങ്ക് എന്നത് ഒരു ദേശീയ ട്രെന്‍റിംഗായി. സംഭവത്തില്‍ മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റത് അല്ലാതെ വലിയ അത്യാഹിതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കിലും പൊതു സമൂഹത്തില്‍ ഗുജറാത്ത് സര്‍ക്കാറിന് വലിയ തിരിച്ചടിയായി സംഭവം. തകർന്നു കിടക്കുന്ന കോൺക്രീറ്റും ഒടിഞ്ഞ കമ്പികളും നിറഞ്ഞ അപകടസ്ഥലത്തെ ദൃശ്യങ്ങൾ അതിവേഗമാണ് വൈറലായത്.

ഈ വാട്ടര്‍ ടാങ്കിന്‍റെ തകര്‍ച്ച വലിയ ചര്‍ച്ചയാകുവാന്‍ ഒരു കാരണവും ഉണ്ട്. ഗുജറാത്തിലെ തന്നെ അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ്റെ കീഴിലെ സരംഗ്പൂർ സർക്കിളിലുള്ള 75 വർഷം പഴക്കമുള്ള വാട്ടർ ടാങ്ക് പൊളിച്ചുനീക്കുന്ന വീഡിയോയും വാര്‍ത്തയും വന്‍ വാര്‍ത്ത പ്രധാന്യം നേടിയിരുന്നു.

പത്ത് നില കെട്ടിടത്തിൻ്റെ അത്രയും ഉയരമുള്ള (ഏകദേശം 100 അടിയിലധികം) വാട്ടർ ടാങ്കിന് മുകളിൽ 8 ടൺ ഭാരമുള്ള ജെസിബി മെഷീൻ ക്രെയിൻ ഉപയോഗിച്ച് എത്തിച്ചാണ് ഈ ടാങ്ക് പൊളിച്ചത്, ഇതിന്‍റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് പണിത് ഒരു മാസത്തിനുള്ളില്‍ 21 കോടിയുടെ വാട്ടര്‍ടാങ്ക് തകര്‍ന്നത്. രണ്ട് സംഭവത്തെയും കൂട്ടികെട്ടിയതോടെ രാഷ്ട്രീയ വിവാദം ചൂടുപിടിച്ചു.

കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ കക്ഷികളും വ്ളോഗര്‍മാരും ഗുജറാത്ത് സര്‍ക്കാറിനെതിരെ ഇതേ ദൃശ്യങ്ങള്‍ വച്ച് തന്നെ രംഗത്ത് എത്തി. പുതിയ ടാങ്കിന്‍റെ തകര്‍ച്ച അധികൃതരെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പിന്നാലെ ശക്തമായ നടപടികളും വന്നു. നിർമ്മാണത്തിന് ഉപയോഗിച്ചത് ഗുണനിലവാരമില്ലാത്ത വസ്തുക്കളാണെന്നും, ഇതിനെക്കുറിച്ച് നേരത്തെ പരാതി പറഞ്ഞതായും പ്രാദേശിക പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. കോൺക്രീറ്റും സ്റ്റീൽ കമ്പികളും ചേർത്തു നിർമ്മിക്കുന്ന കെട്ടിട നിർമ്മാണ രീതിയെയാണ് RCC (Reinforced Cement Concrete) മോഡലില്‍ നിര്‍മ്മിച്ച ടാങ്കിന്‍റെ ചില ഭാഗങ്ങള്‍ സംഭവസ്ഥലത്ത് നിന്നും നാട്ടുകാര്‍ തന്നെ കാണിച്ചുതരുന്നുണ്ട്.ചപ്പാത്തി മാവ് പോലെയായിരുന്നു കോണ്‍ക്രീറ്റെന്നാണ് ഒരു ഗുജറത്തി ന്യൂസ് ചാനലില്‍ പറഞ്ഞത്.

പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ സർക്കാരിനുണ്ടായ വൻ സാമ്പത്തിക നഷ്ടം കണക്കിലെടുത്തും സൂറത്ത് റൂറൽ ജില്ലാ പോലീസ് സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ട്. ഐ.ജി.പി പ്രേം വീർ സിംഗ്, എസ്.പി രാജേഷ് ഗാധിയ എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഈ നിർമ്മാണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഭാരതീയ ന്യായ സംഹിത പ്രകാരം മാണ്ഡവി പോലീസ് സ്റ്റേഷനിൽ പോലീസ് ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്രിമിനൽ വിശ്വാസവഞ്ചന, മറ്റുള്ളവരുടെ ജീവനോ വ്യക്തിസുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തികൾ ചെയ്യുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തിട്ടുണ്ട്. ഒപ്പം അഴിമതി വിരുദ്ധ വകുപ്പുകളും ചുമത്തും.

കേസ് എടുത്തതിന് പിന്നാലെ മെഹ്‌സാന, അഹമ്മദാബാദ്, സൂറത്ത് എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡുകളിലൂടെ, നിർമ്മാണത്തിലും മേൽനോട്ടത്തിലും ഏർപ്പെട്ടിരുന്ന ഏഴ് പ്രതികളെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു. ടാങ്ക് നിര്‍മ്മിച്ച കോണ്‍ട്രാക്ടര്‍മാരായ ജയന്തി സൂപ്പർ കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡിന്‍റെ മേധാവി ബാബുഭായ് പട്ടേലിനെയും പാര്‍ട്ണര്‍മാരായ ജാസ്മിൻഭായ് പട്ടേൽ, ധവാൽഭായ് രതിലാൽ പട്ടേൽ , ജയന്തിഭായ് പട്ടേൽ , ബാബുഭായ് പട്ടേൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇതിന് പിന്നാലെ സൈറ്റ് സൂപ്പർവൈസർ ജിഗർഭായ് രവ്ജിഭായ് പ്രജാപതി,ജലവിതരണ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അങ്കിത്ഭായ് പരസോത്തംഭായ് ഗരാസി എന്നിവരും അറസ്റ്റിലായി. കൂടാതെ, ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എഞ്ചിനീയറായ ജയ് സോമഭായ് ചൗധരിയെയും പോലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് നിലവിൽ രേഖപ്പെടുത്തിയിട്ടില്ല.എന്നാല്‍ ഇത് വെറും ഉദ്യോഗസ്ഥരും കോണ്‍ട്രാക്ടറും ഉള്‍പ്പെടുന്ന ആഴിമതിയല്ലെന്നും രാഷ്ട്രീയ ബന്ധങ്ങളും ഉണ്ടെന്ന വിമര്‍ശനവും ശക്തമാണ്.

സംസ്ഥാന സർക്കാർ ഇതിനകം തന്നെ മുതിർന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ ഗ്രാമവാസികളെ സംബന്ധിച്ചിടത്തോളം, ഈ തകർച്ച "പൊള്ളയായ" വികസനത്തിന്റെ കയ്പേറിയ ഓർമ്മപ്പെടുത്തലായി മാറിയിരിക്കുകയാണ്. എന്തായാലും നിര്‍മ്മിച്ചയുടന്‍ തകര്‍ന്ന ടാങ്കും, ജെസിബി ഉപയോഗിച്ച് പൊളിക്കേണ്ടി വന്ന ടാങ്കും ഇപ്പോള്‍ ഗുജറാത്ത് മോഡലിന്‍റെ ചിഹ്നങ്ങളായാണ് പല വ്ളോഗര്‍മാരും ആഘോഷിക്കുന്നത്.

SCROLL FOR NEXT