അസം: പ്രണയബന്ധം ഒരിക്കലും ഒരു പുരുഷന് സ്ത്രീക്ക് മേല്‍ നിര്‍ബന്ധിത ലൈംഗിക ബന്ധം നടത്താനുള്ള അനുമതി നല്‍കുന്നില്ലെന്ന് ഗുവാഹത്തി ഹൈക്കോടതി.
'ഒരു ആണും പെണ്ണും പ്രണയത്തിലാണെന്ന് പറഞ്ഞാലും അത് അയാള്‍ക്ക് സ്ത്രീയെ പീഡിപ്പിക്കാനുള്ള അവകാശമല്ല. രാജ്യത്ത് വൈവാഹിക പീഡനം കുറ്റകരമാക്കിയിട്ടില്ലെങ്കിലും ഒരു സ്ത്രീയുടെയും പുരുഷന്റെയും വിവാഹപൂര്‍വ പ്രണയബന്ധത്തിലാണെങ്കിലും പോലും നിര്‍ബന്ധിത ലൈംഗിക ബന്ധം കുറ്റകൃത്യമായി കണക്കാക്കേണ്ടി വരും,' ഗുവാഹത്തി ഹൈക്കോടതി പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ കേസ് വരുമ്പോള്‍ അത് സ്വകാര്യമായി ഒത്തു തീര്‍പ്പിലേക്കെത്തിക്കുന്നത് ശരയല്ലെന്നും ജസ്റ്റിസ് പ്രഞ്ജല്‍ ദാസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ഒത്തുതീര്‍പ്പാക്കുന്നത് തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.
കേസില്‍ ഇരുവരും പ്രണയത്തില്‍ ആയിരുന്നെങ്കിലും പെണ്‍കുട്ടി ലൈംഗിക ബന്ധത്തിന് നിരന്തരം വിസമ്മതിച്ചിരുന്നുവെന്ന് കോടതി കണ്ടെത്തി.
ഒരിക്കലും ഒരു ബന്ധത്തിന്റെ നിലനില്‍പ്പിനെയും ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിനെയും തമ്മില്‍ സമീകരിക്കാന്‍ പറ്റില്ല. പ്രത്യേകിച്ചും അതിജീവിത ലൈംഗിക വേഴ്ചയ്ക്ക് നിര്‍ബന്ധിച്ചുവെന്ന് പറയുന്ന സാഹചര്യത്തില്‍.