ഹർഭജൻ സിങ്, യുവ്‌രാജ് സിങ്, സോനു സൂദ്, ഉർവശി റൗട്ടാല‌ Source: NDTV
NATIONAL

നിരോധിത ബെറ്റിങ് ആപ്പുകളുമായി ബന്ധം: പ്രമുഖ ക്രിക്കറ്റ്, സിനിമാ താരങ്ങളെ ചോദ്യം ചെയ്ത് ഇ.ഡി, രാജ്യത്ത് 27,000 കോടിയുടെ നികുതി വെട്ടിപ്പ്?

'1xBet' ഉൾപ്പെടെയുള്ള ബെറ്റിങ് ആപ്പുകളുമായി ബന്ധപ്പെട്ടാണ് താരങ്ങളെ ചോദ്യം ചെയ്തത്. 27,000 കോടിയുടെ നികുതി വെട്ടിപ്പ് നടന്നെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

നിരോധിത ബെറ്റിങ് ആപ്പുകളുടെ പരസ്യങ്ങളിൽ അഭിനയിച്ചതിൽ അന്വേഷണം മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ ഇഡി അന്വേഷണം. ഹർഭജൻ സിങ്, യുവ്‌രാജ് സിങ്, സുരേഷ് റെയ്ന എന്നിവരെയാണ് ഇ.ഡി ചോദ്യം ചെയ്തത്. '1xBet' ഉൾപ്പെടെയുള്ള ബെറ്റിങ് ആപ്പുകളുമായി ബന്ധപ്പെട്ടാണ് താരങ്ങളെ ചോദ്യം ചെയ്തത്. 27,000 കോടിയുടെ നികുതി വെട്ടിപ്പ് നടന്നെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.

ഓൺലൈൻ മാധ്യമങ്ങളിൽ '1xBat' എന്ന വ്യാജ പേരിൽ പരസ്യ ക്യാംപെയ്നുകൾ നൽകി ഒറിജിനൽ സൈറ്റിലേക്ക് ആളുകളെ എത്തിക്കുന്ന തരത്തിലായിരുന്നു തട്ടിപ്പ്. ഇതിനായി ക്യുആർ കോഡുകളും നൽകിയിരുന്നു. രാജ്യത്തെ നിയമങ്ങൾ വകവെക്കാതെയാണ് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഇ.ഡി വിമർശിച്ചു.

ഇത്തരം തട്ടിപ്പ് വാതുവെപ്പ് കമ്പനികൾക്ക് വേണ്ടിയാണ് ക്രിക്കറ്റ് സൂപ്പർ താരങ്ങൾ മോഡലുകളായി എത്തുന്നത്. ഗെയിം പ്ലാറ്റ്ഫോമുകൾ എന്ന പേരിലാണ് വാതുവെപ്പ് കേന്ദ്രം പ്രവർത്തിക്കുന്നതെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.

യുവരാജ് സിങ് മോഡലായെത്തിയ '1xBet' വാതുവെപ്പ് ആപ്പിലൂടെ നിരവധിയാളുകൾ തട്ടിപ്പിനിരയായിരുന്നു. വലിയ തോതിലുള്ള പ്രചാരണമാണ് ഇത്തരം ചൂതാട്ട വെബ്സൈറ്റുകൾക്ക് ലഭിക്കുന്നത്.

ഇൻഫർമേഷൻ ടെക്നോളജി (ഐടി) ആക്ട്, ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം, ഇതു സംബന്ധിച്ച സർക്കാർ വിജ്ഞാപനങ്ങൾ എന്നിവയെല്ലാം ഇത്തരം ബെറ്റിങ് ആപ്പുകൾ ലംഘിച്ചിട്ടുണ്ടെന്നും ഫെഡറൽ ഏജൻസി നടത്തിയ പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നു.

സിനിമ താരങ്ങളായ സോനു സൂദ്, ഉർവശി റൗട്ടാല‌ എന്നിവർക്കെതിരെയും ഇ.ഡി അന്വേഷണം തുടങ്ങി. ഇവരേയും ചോദ്യം ചെയ്തിട്ടുണ്ട്. ഏതാനും മാധ്യമ സ്ഥാപനങ്ങളും അന്വേഷണ പരിധിയിലാണ്. പരസ്യ പ്രചാരണങ്ങൾ നടത്തുന്നതിനായി വിവിധ മാധ്യമ കമ്പനികൾക്ക് 50 കോടിയിലധികം രൂപ നൽകിയതായി കണ്ടെത്തിയെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു.

ഇക്കഴിഞ്ഞ മെയ് മാസത്തിൽ തെലങ്കാന പൊലീസ് ബെറ്റിങ് ആപ്പുകൾ പ്രമോട്ട് ചെയ്ത റാണ ദഗ്ഗുബാട്ടി, പ്രകാശ് രാജ് എന്നിവരുൾപ്പെടെ 25 നടന്മാർക്കെതിരെ കേസെടുത്തിരുന്നു.

SCROLL FOR NEXT