NATIONAL

കാണിക്കപ്പണം ചോരാതിരിക്കാൻ 'പോക്കറ്റില്ലാത്ത' വസ്ത്രം; ഹരിദ്വാർ മാനസ ദേവി ക്ഷേത്രത്തിലെ പൂജാരിമാർക്ക് പുതിയ വസ്ത്രം

കാണിക്ക പണം സ്വന്തമാക്കുന്നവർക്കെതിരെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും

Author : ന്യൂസ് ഡെസ്ക്

അയോധ്യ രാമക്ഷേത്രത്തിലേയും ബദരീനാഥിലേയും ഫണ്ട് തട്ടിപ്പ് വിവാദങ്ങൾക്ക് പിന്നാലെ ഹരിദ്വാറിലെ മൻസാ ദേവി ക്ഷേത്രത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ക്ഷേത്രത്തിലെ പൂജാരിമാരോടും ജീവനക്കാരോടും ഇനി മുതൽ പോക്കറ്റുകളില്ലാത്ത കുർത്തകൾ ധരിക്കാൻ ക്ഷേത്ര ട്രസ്റ്റ് നിർദേശിച്ചു. ഭക്തർ സമർപ്പിക്കുന്ന കാണിക്ക പണം സുതാര്യമായി ക്ഷേത്ര ഫണ്ടിലേക്ക് തന്നെ എത്തുന്നുവെന്ന് ഉറപ്പാക്കാനും ക്രമക്കേടുകൾ തടയാനുമാണ് നടപടി. കാണിക്ക പണം സ്വന്തമാക്കുന്നവർക്കെതിരെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും. കാണിക്ക കൈകാര്യം ചെയ്യുന്നത് നിരീക്ഷിക്കാൻ ഏഴംഗ പ്രത്യേക സമിതിക്ക് രൂപം നൽകി.

നിലവിലെ സാഹര്യങ്ങളാണ് പോക്കറ്റില്ലാത്ത വസ്ത്രം ധരിക്കണമെന്ന തീരുമാനത്തിലേക്ക് എത്തിച്ചേരാൻ പ്രേരണയാക്കിയത്. ക്ഷേത്രത്തിലെത്തി പൂജാരിമാരെയും ജീവനക്കാരെയും നീരിക്ഷിച്ചപ്പോൾ അവരെല്ലാവരും പോക്കറ്റില്ലാത്ത വസത്രമാണ് ധരിച്ചിരുന്നത്. ഞങ്ങളെ എതിർക്കുന്നവർ മൻസ ദേവി ക്ഷേത്രത്തിന്റെ കീർത്തി നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. അവരെ അപകീർത്തിപ്പെടുത്താൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്ന് ട്രസ്റ്റ് ചെയർമാൻ രവീന്ദ്ര പുരി പറയുന്നു. ക്ഷേത്ര സമുച്ചയത്തിൽ നീരിക്ഷണം ശക്തമാക്കുന്നതിനായി 65 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. തെറ്റായ കാര്യങ്ങൾ ചെയ്യുന്നത് ക്യാമറയിലൂടെ ശ്രദ്ധയിൽപ്പെട്ടാൽ കർശനമായ നടപടികൾ സ്വീകരിക്കും. ഭക്തർ നൽകുന്ന വഴിപാടുകൾ പൂജാരിമാർക്ക് നേരിട്ട് ലഭിക്കുന്നതിന് പകരം ക്ഷേത്രത്തിലേക്ക് തന്നെ പോകണം. എല്ലാ പൂജാരിമാരും ഈ ക്രമീകരണം അംഗീകരിച്ചിട്ടുണ്ടെന്ന് രവീന്ദ്ര പുരി പറയുന്നു.

അടുത്തിടെ വിവാദമായ ബദരീനാഥ് ക്ഷേത്രത്തിലെ സംഭാവന മോഷണവുമായി ബന്ധപ്പെട്ട പശ്ചാത്തലത്തിലാണ് ഈ കർശന തീരുമാനം വന്നിരിക്കുന്നത്. ജൂലൈ 2-ന് ബദരീനാഥ് ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച പണം എണ്ണുന്നതിനിടയിൽ ചില ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. പ്രാഥമിക അന്വേഷണത്തിൽ, പണം എണ്ണുന്ന സ്ഥലത്ത് നിന്ന് നിശ്ചിത നടപടിക്രമങ്ങൾ ലംഘിച്ച് പണം മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്.

SCROLL FOR NEXT