NATIONAL

ഹരീഷ് റാണയുടെ ദയാവധ നടപടികള്‍ ആരംഭിച്ചു; മൂന്നാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകും

ദയാവധത്തിന് കഴിഞ്ഞയാഴ്ചയാണ് സുപ്രീം കോടതി അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചത്

Author : ന്യൂസ് ഡെസ്ക്

13 വര്‍ഷമായി കോമയില്‍ കഴിയുന്ന യുവാവിന്റെ ദയാവധത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. പഞ്ചാബ് സ്വദേശിയായ ഹരിഷ് റാണയുടെ വൈദ്യസഹായം പിന്‍വലിക്കാന്‍ അനുവദിച്ചാണ് കോടതി ഉത്തരവ്. അന്തസോടെ മരിക്കാനുള്ള അവകാശം അംഗീകരിച്ചാണ് കോടതി വിധി. ഹരീഷ് റാണയുടെ ദയാവധത്തിന് കഴിഞ്ഞയാഴ്ചയാണ് സുപ്രീം കോടതി അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചത്.

കെട്ടിടത്തില്‍ നിന്ന് വീണതിനെ തുടര്‍ന്ന് 13 വര്‍ഷമായി രോഗാവസ്ഥയില്‍ കഴിയുന്ന ഹരിഷ് റാണയുടെ ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള ഉപകരണങ്ങള്‍ പിന്‍വലിക്കാനാണ് ഉത്തരവിട്ടത്. ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് അനുമതി നല്‍കിയത്.

പോഷകാഹാര സഹായം ക്രമേണ നിര്‍ത്തലാക്കുകയോ പിന്‍വലിക്കുകയോ ചെയ്യുന്നതുള്‍പ്പെടെ നിരവധി ഘട്ടങ്ങളിലൂടെയാണ് ദയാവധം പൂര്‍ത്തിയാക്കുക. പ്രക്രിയകള്‍ പൂര്‍ത്തിയാക്കാന്‍ ആഴ്ചകള്‍ എടുത്തേക്കാം.

നടപടികള്‍ പൂര്‍ത്തിയാക്കാനായി റാണയെ ഗാസിയാബാദിലെ വീട്ടില്‍ നിന്നും ഡല്‍ഹിയിലെ ഡോ. ബി.ആര്‍. അംബേദ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റോട്ടറി കാന്‍സര്‍ ഹോസ്പിറ്റലിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിലേക്ക് ശനിയാഴ്ച മാറ്റിയിരുന്നു.

രോഗിക്ക് സഡേഷന്‍ നല്‍കിയാകും കൃത്രിമ പോഷകാഹാരവും ഓക്‌സിജനും മരുന്നുകളും പിന്‍വലിക്കുക. രണ്ടോ മൂന്നോ ആഴ്ചക്കുള്ളിലാകും ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുക.

ഹരീഷ് റാണയുടെ പിതാവിന്റെ ഹര്‍ജിയിലാണ് സുപ്രീം കോടതി ദയാവധത്തിന് അനുമതി നല്‍കിയത്. ഉപകരണങ്ങള്‍ പിന്‍വലിക്കുന്നത് മാന്യമായിട്ടായിരിക്കണമെന്നും പാലിയേറ്റീവ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

വൈദ്യചികിത്സ പിന്‍വലിക്കാനുള്ള തീരുമാനം സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡുകളില്‍ നിന്ന് അറിയിപ്പ് സ്വീകരിക്കാന്‍ ഹൈക്കോടതികള്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റുകളോട് നിര്‍ദ്ദേശിക്കണം തുടങ്ങിയ നിര്‍ദേശങ്ങളോടെയാണ് ദയാവധത്തിന് അനുമതി നല്‍കിയത്.

SCROLL FOR NEXT