Source: Screengrab
NATIONAL

ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം; മൃഗങ്ങൾക്കും ഭീഷണി, മുൻകരുതലുമായി ജംബു മൃഗശാലയും

കരടികൾക്കായി കൃത്രിമ മഴ പോലെ പെയ്യുന്ന വാട്ടർ സ്പ്രിങ്ക്ലറുകളും, കൂളറുകളുമാണ് ഒരുക്കിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ജമ്മു കശ്മീർ: ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം കടുക്കുകയാണ്. വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ നഗരത്തിലെ പ്രശസ്തമായ ജംബു സൂവിലെ മൃഗങ്ങളെയും പക്ഷികളെയും ചൂടിൽ നിന്ന് രക്ഷിക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. നഗരം കടുത്ത വേനലിൽ വെന്തുരുകുമ്പോൾ, ജംബു മൃഗശാലയിലും താപനില വൻ തോതിൽ ഉയരുകയാണ്.

വരും ദിവസങ്ങളിൽ ചൂട് ഇനിയും കൂടുമെന്ന മുന്നറിയിപ്പുള്ളതിനാൽ, മൃഗങ്ങളുടെ സുരക്ഷയ്ക്കായി അടിയന്തര പ്രതിരോധ നടപടികളാണ് മൃഗശാലയിൽ ഒരുക്കിയിരിക്കുന്നത്. ചൂട് വേഗത്തിൽ ബാധിക്കാൻ സാധ്യതയുള്ള ജീവികൾക്ക് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. കരടികൾക്കായി കൃത്രിമ മഴ പോലെ പെയ്യുന്ന വാട്ടർ സ്പ്രിങ്ക്ലറുകളും, കൂളറുകളുമാണ് ഒരുക്കിയിരിക്കുന്നത്. ചൂടിൽ നിന്ന് രക്ഷനേടാൻ സിംഹങ്ങൾക്ക് കുളവും ഉണ്ട്.

മൃഗങ്ങളുടെ ഭക്ഷണ ക്രമത്തിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സസ്യഭുക്കുകൾക്ക് തണ്ണിമത്തൻ, വെള്ളരിക്ക തുടങ്ങിയ നാരുകളടങ്ങിയ ജലാംശം അധികമുള്ള ഫലങ്ങളും, മാംസഭുക്കുകൾക്ക് നിർജ്ജലീകരണം തടയാൻ ഗ്ലൂക്കോസ് വെള്ളവുമാണ് നൽകുന്നത്. ചൂട് വർധിക്കുന്ന ഉച്ചസമയങ്ങളിൽ മൃഗങ്ങൾക്ക് അസ്വസ്ഥത ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ജീവനക്കാർ അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്.

SCROLL FOR NEXT