Source: DD News
NATIONAL

മൺസൂൺ മഴക്കെടുതികളിൽ വലഞ്ഞ് ഹിമാചൽ പ്രദേശ്; മൂന്ന് മാസത്തിനിടെ പൊലിഞ്ഞത് 320 ജീവനുകൾ

സംസ്ഥാനത്ത് കഴിഞ്ഞ ജൂൺ മാസം മുതൽക്കുള്ള വിവിധ മഴക്കെടുതി അപകടങ്ങളിൽ 320 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

Author : ന്യൂസ് ഡെസ്ക്

ഷിംല: മൺസൂൺ മഴക്കെടുതികളിൽ വലഞ്ഞ് ഹിമാചൽ പ്രദേശ്. സംസ്ഥാനത്ത് കഴിഞ്ഞ ജൂൺ മാസം മുതൽക്കുള്ള മഴക്കെടുതി അപകടങ്ങളിൽ 320 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതിൽ 166 പേർ മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, വൈദ്യുതാഘാതം തുടങ്ങിയ മഴയുമായി ബന്ധപ്പെട്ട സംഭവങ്ങൾ മൂലവും, 154 പേർ റോഡപകടങ്ങളിലാണ് മരിച്ചത്.

ഹിമാചൽ പ്രദേശിലെ കാലവർഷക്കെടുതി സംസ്ഥാനത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങളെ തകർത്തെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. മൂന്ന് ദേശീയ പാതകൾ ഉൾപ്പെടെ 819 റോഡുകളും, 1236 വൈദ്യുതി ട്രാൻസ്‌ഫോർമറുകളും, 424 ജലവിതരണ പദ്ധതികളും മേഖലയിലുടനീളം തടസ്സപ്പെട്ടതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി റിപ്പോർട്ട് ചെയ്യുന്നു.

സംസ്ഥാനത്തെ റോഡ് ശൃംഖലയ്ക്ക് വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ദേശീയപാത 03, ദേശീയപാത 05, ദേശീയപാത 305 എന്നിവയിൽ വലിയ തടസ്സങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മണ്ണിടിച്ചിലുകളും ഉരുൾപൊട്ടലും കാരണം നൂറുകണക്കിന് ഗ്രാമീണ ലിങ്ക് റോഡുകൾ ഒറ്റപ്പെട്ടു. ചമ്പ (253 റോഡുകൾ), മണ്ടി (206), കുളു (175), കാംഗ്ര (61) തുടങ്ങിയ ജില്ലകളാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.

ഉയർന്ന പ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും തുടർച്ചയായുള്ള മഴ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തടസപ്പെടുത്തിയെന്നും അങ്ങോട്ടേക്ക് കടന്നുചെല്ലാൻ തടസ്സം സൃഷ്ടിക്കുന്നതായും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്താകെ 424 ജലവിതരണ പദ്ധതികളും തടസ്സപ്പെട്ടിട്ടുണ്ട്.

SCROLL FOR NEXT