NATIONAL

''ഏറെ കാലമായി പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തുന്നു''; യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയ്‌ക്കെതിരെ 2500 പേജുള്ള കുറ്റപത്രം

"നേരത്തെ പാകിസ്ഥാനില്‍ പോയ സമയത്ത് ജ്യോതി മല്‍ഹോത്ര പാകിസ്ഥാനിലെ പഞ്ചാബ് മുഖ്യമന്ത്രിയെയും മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകള്‍ മറിയം നവാസ് ഷെരീഫിനെയും സന്ദര്‍ശിച്ചിരുന്നു"

Author : ന്യൂസ് ഡെസ്ക്

പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം. 2500 പേജുള്ള കുറ്റപത്രമാണ് ജ്യോതി മല്‍ഹോത്രയ്‌ക്കെതിരെ മൂന്ന് മാസത്തെ അന്വേഷണത്തിന് ശേഷം ഹിസാര്‍ പൊലീസ് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ മെയ് മാസം ഹിസാറില്‍ വെച്ചാണ് യൂട്യൂബറായ ജ്യോതി മല്‍ഹോത്ര അറസ്റ്റിലാകുന്നത്. പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ ഡാനിഷ് എന്ന എഹ്‌സാന്‍ ഉര്‍ റഹിമുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നെന്നും രണ്ട് തവണ പാകിസ്ഥാനില്‍ പോയിരുന്നെന്നും പൊലീസ് പറഞ്ഞു.

ഏറെ കാലമായി ജ്യോതി മല്‍ഹോത്ര പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തുന്നുണ്ടെന്നും ഹിസാര്‍ പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. റഹിമുമായി ജ്യോതി മല്‍ഹോത്രയ്ക്കുള്ള അടുപ്പവും ഐഎസ്‌ഐ ഏജന്റ് ഷാക്കിര്‍ എന്നായാളുമായി ആശയവിനിമയം നടത്തിയതിനെക്കുറിച്ചും കുറ്റപത്രത്തില്‍ പറയുന്നുണ്ടെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ജ്യോതി മല്‍ഹോത്ര പറയുന്നത് പ്രകാരം കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 17ന് പാകിസ്ഥാനില്‍ പോയി തിരിച്ചുവരുന്നത് മെയ് 15നാണ്. 25 ദിവസത്തോളം പാകിസ്ഥാനില്‍ ചെലവഴിച്ചു. അതിന് ശേഷം ജൂണ്‍ പത്തിന് ചൈനയിലേക്ക് പോവുകയും ജൂലൈ വരെ തങ്ങുകയും അതിന് ശേഷം നേപ്പാളിലേക്ക് പോവുകയും ചെയ്തു.

നേരത്തെ കര്‍ത്താര്‍പൂര്‍ ഇടനാഴി വഴി പാകിസ്ഥാനില്‍ പോയ ജ്യോതി മല്‍ഹോത്ര പാകിസ്ഥാനിലെ പഞ്ചാബ് മുഖ്യമന്ത്രിയെയും മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകള്‍ മറിയം നവാസ് ഷെരീഫിനെയും സന്ദര്‍ശിക്കുകയും ചെയ്തു. മറിയവുമായി ജ്യോതി അഭിമുഖം നടത്തിയെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.

SCROLL FOR NEXT