എയർ ഇന്ത്യ ( പ്രതീകാത്മക ചിത്രം) Source: PTI
NATIONAL

ഹോങ്കോങ്ങില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍; ഡ്രീംലൈനര്‍ തിരിച്ചിറക്കി

അഹമ്മദാബാദ് വിമാന ദുരന്തത്തിന് ശേഷം എയര്‍ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയരുന്നതിനിടെയാണ് വീണ്ടും സാങ്കേതിക തകരാര്‍ റിപ്പോർട്ട് ചെയ്യുന്നത്

Author : ന്യൂസ് ഡെസ്ക്

ഹോങ്കോങില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍. എഐ 315 ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനത്തിനാണ് സാങ്കേതിക തകരാര്‍ കണ്ടത്തിയത്. വിമാനം ഹോങ്കോങ്ങില്‍ തിരിച്ചിറക്കി.

അഹമ്മദാബാദ് വിമാന ദുരന്തത്തിന് ശേഷം എയര്‍ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയരുന്ന സാഹചര്യത്തില്‍ കൂടിയാണ് വീണ്ടും മറ്റൊരു വിമാനത്തിന് സാങ്കേതിക തകരാര്‍ എന്ന റിപ്പോര്‍ട്ട് വരുന്നത്.

തിങ്കളാഴ്ച രാവിലെയാണ് വിമാനം ഹോങ്കോങ്ങില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. സുരക്ഷാ മാനദണ്ഡമനുസരിച്ച് പൈലറ്റ് വിമാനം ഹോങ്കോങ്ങില്‍ തന്നെ തിരിച്ചിറക്കുകയായിരുന്നുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

സാങ്കേതിക തകരാര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്. വിമാനത്തില്‍ നിന്നും യാത്രക്കാരെയും ക്രൂ അംഗങ്ങളെയും സുരക്ഷിതമായി പുറത്തിറക്കി. അതേസമയം ഇതുവരെയും എയര്‍ ഇന്ത്യ ഇതു സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതേസമയം ഡല്‍ഹി-ബെംഗളൂരു എയര്‍ ഇന്ത്യ വിമാനവും വൈകുകയാണ്. വിമാനം അഞ്ച് മണിക്കൂറായി ഡല്‍ഹിയില്‍ പിടിച്ചിട്ടിരിക്കുന്നു. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ പിടിച്ചിട്ടിരിക്കുന്നത് എയര്‍ ഇന്ത്യ ഡ്രീംലൈനര്‍. യാത്രക്കാര്‍ക്ക് മറ്റൊരു വിമാനത്തില്‍ കയറാന്‍ നിര്‍ദേശം

യാത്രക്കാരുള്‍പ്പെടെ 279 പേരുടെ ജീവനെടുത്ത അഹമ്മദാബാദ് വിമാന ദുരന്തം നടന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് വീണ്ടും എയര്‍ ഇന്ത്യയുടെ മറ്റൊരു ഡ്രീംലൈനറിനും സാങ്കേതിക തകരാര്‍ എന്ന വാര്‍ത്ത പുറത്തുവരുന്നത്.

വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ 241 പേരും വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലും പുറത്തുമായി ഉണ്ടായിരുന്നവരും ചേര്‍ത്താണ് 279 പേര്‍ കൊല്ലപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ മാത്രമാണ് അത്ഭുതകരമായി വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

SCROLL FOR NEXT