ഹോട്ട് മെയില്‍ സഹസ്ഥാപകന്‍ സബീർ ഭാട്ടിയ Source: X
NATIONAL

"നൂറ് ശതമാനം സാക്ഷരത, കലാപങ്ങളില്ല"; കേരളത്തെ പ്രശംസിച്ച് സബീർ ഭാട്ടിയ, ഐഎസിന്റെ വിളനിലമെന്ന് കമന്റുകള്‍

ഭാട്ടിയയുടെ എക്സ് പോസ്റ്റിന് താഴെ അധിക്ഷേപ കമന്റുകള്‍ നിറയുകയാണ്

Author : ന്യൂസ് ഡെസ്ക്

ന്യൂ ഡല്‍ഹി: കേരളത്തെ പ്രകീർത്തിച്ച് ഇന്ത്യന്‍-അമേരിക്കന്‍ വ്യവസായിയും ഹോട്ട് മെയില്‍ സഹസ്ഥാപകനുമായ സബീർ ഭാട്ടിയ. എക്സ് പോസ്റ്റിലൂടെയാണ് ഭാട്ടിയ കേരളത്തെ പ്രശംസിച്ചത്. എന്നാല്‍, എന്തുകൊണ്ട് മറ്റ് സംസ്ഥാനങ്ങള്‍ക്കും കേരളത്തെപ്പോലെ ആയിക്കൂടാ എന്ന സബീർ ഭാട്ടിയയുടെ ചോദ്യത്തിന് പലരും അസഹിഷ്ണുതയോടെയാണ് മറുപടി നല്‍കിയത്. ഭാട്ടിയയുടെ പോസ്റ്റിന് താഴെ അധിക്ഷേപ കമന്റുകള്‍ നിറയുകയാണ്.

"100 ശതമാനം സാക്ഷരത. കലാപങ്ങളില്ല. ഭൂരിപക്ഷവും ഹിന്ദുക്കൾ. തൊഴിൽ മേഖലയിൽ സ്ത്രീകൾ. പ്രകൃതി അതിന്റെ ഏറ്റവും മികച്ച അവസ്ഥയിൽ. മറ്റുള്ളവർ മുദ്രാവാക്യം വിളിക്കുമ്പോൾ കേരളം നിശബ്ദമായി മുന്നോട്ട് പോകുന്നു. ഇന്ത്യയുടെ മറ്റ് ഭാഗങ്ങൾക്ക് എന്തുകൊണ്ട് കേരളത്തെപ്പോലെ ആയിക്കൂടാ?," സബീർ ഭാട്ടിയ എക്സില്‍ കുറിച്ചു.

ഭാട്ടിയയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് പോസ്റ്റിന് താഴെ പ്രതികരിക്കുന്നത്. പതിവ് പൊലെ ഒരു വിഭാഗം സബീർ ഭാട്ടിയ 'പാകിസ്ഥാനി' ആണെന്ന് ആരോപിച്ച് രംഗത്തെത്തി. കേരളം ഒന്നാമതാണെന്നത് സംസ്ഥാന സർക്കാരും മാധ്യമങ്ങളും ചേർന്ന് നിർമിച്ച വ്യാജമാണെന്നായിരുന്നു മറ്റ് ചിലരുടെ കമന്റ്. ഇന്ത്യയുടെ ടൂറിസ്റ്റ് കേന്ദ്രമായ കേരളം ഐഎസ്ഐഎസിന്റെ വിളനിലമാണെന്ന് ആരോപിച്ചുകൊണ്ടുള്ള കമന്റുകളും ഭാട്ടിയയുടെ പോസ്റ്റിന് ലഭിച്ചു. ഇത്തരം കമന്റുകള്‍ക്ക് മറുപടിയും നല്‍കുന്നുണ്ട് ഭാട്ടിയ.

സബീർ ഭാട്ടിയയുടെ എക്സ് പോസ്റ്റിന് ലഭിച്ച കമന്റ്

"പരമാവധി രണ്ടു പേരെയാണ് റിക്രൂട്ട് ചെയ്തത്. കേരളം മുഴുവൻ അങ്ങനെയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?," ഭാട്ടിയ ചോദിച്ചു. ഒരു വർഷം കേരളത്തില്‍ പോയി താമസിച്ചാല്‍ എല്ലാം മനസിലാകുമെന്നാണ് ഒരു കമന്റില്‍ ഭാട്ടിയയ്ക്ക് ലഭിച്ച ഉപദേശം. സന്തോഷമേയുള്ളുവെന്ന് ഭാട്ടിയ മറുപടിയും നല്‍കി. ഭാട്ടിയയുടെ പോസ്റ്റിലൂടെ കേരളാ വികസനം വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുകയാണ്.

SCROLL FOR NEXT