ബാഗു ഖാൻ 
NATIONAL

നൂറിലധികം നുഴഞ്ഞുകയറ്റ ശ്രമങ്ങൾക്ക് നേതൃത്വം നൽകിയ 'മനുഷ്യ ജിപിഎസ്'; കൊടും ഭീകരനെ വധിച്ച് സുരക്ഷാസൈന്യം

ജമ്മു കശ്മീരിലെ ഗുരേസ് സെക്ടറിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇയാളെ വധിച്ചത്

Author : ന്യൂസ് ഡെസ്ക്

'മനുഷ്യ ജിപിഎസ്' എന്നറിയപ്പെടുന്ന കൊടും ഭീകരൻ ബാഗു ഖാനെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു. മറ്റൊരു ഭീകരനൊപ്പമുള്ള നുഴഞ്ഞുകയറ്റ ശ്രമത്തിനിടെയാണ് ബാഗു ഖാൻ വെടിയേറ്റ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീരിലെ ഗുരേസ് സെക്ടറിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇയാളെ വധിച്ചത്.

1995 മുതൽ പാക് അധീന കശ്മീരിൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നയാളാണ് സമന്ദർ ചാച്ച എന്നും അറിയപ്പെടുന്ന ബാഗു ഖാൻ. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, എല്ലാ രഹസ്യ വഴികളെക്കുറിച്ചും കൃത്യമായ അറിവുള്ളയാളാണ് ബാഗു ഖാൻ. ഗുരെസ് മേഖലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നൂറിലധികം നുഴഞ്ഞുകയറ്റ ശ്രമങ്ങൾക്ക് ബാഗു ഖാൻ നേതൃത്വം നൽകിയിരുന്നുവെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. ഭൂപ്രകൃതിയെക്കുറിച്ചും രഹസ്യ വഴികളെക്കുറിച്ചുമുള്ള അറിവാണ് ബാഗു ഖാന് മനുഷ്യ ജിപിഎസ് എന്ന് പേര് വരാൻ കാരണം.

ഓഗസ്റ്റ് 23 ന് നിയന്ത്രണ രേഖയിൽ (എൽഒസി) നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെയാണ് ബാഗു ഖാൻ കൊല്ലപ്പെട്ടത്. എൽഒസിയിൽ സംശയാസ്പദമായ നീക്കങ്ങൾ കണ്ടതോടെ, സൈനികർ വെടിയുതിർക്കുകയായിരുന്നു. "നുഴഞ്ഞുകയറ്റ ശ്രമത്തെക്കുറിച്ച് ജമ്മു കശ്മീർ പൊലീസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പൊലീസും ഗുരേസ് സെക്ടറിൽ സംയുക്തമായി ഒരു ഓപ്പറേഷൻ ആരംഭിച്ചു. സൈന്യം ഫലപ്രദമായി തിരിച്ചടിച്ചു, രണ്ട് തീവ്രവാദികളെ കൊലപ്പെടുത്തി," ശ്രീനഗർ ആസ്ഥാനമായുള്ള കരസേനയുടെ ചിനാർ കോർപ്സ് എക്സിൽ കുറിച്ചു.

SCROLL FOR NEXT