പ്രതീകാത്മക ചിത്രം Source: Pexels
NATIONAL

കാമുകനൊപ്പം കണ്ട ഭാര്യയുടെ മൂക്ക് കടിച്ച് മുറിച്ചു; ഭർത്താവ് അറസ്റ്റിൽ

ഗുരുതരമായി പരിക്കേറ്റ 25 കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

Author : ന്യൂസ് ഡെസ്ക്

ഉത്തർപ്രദേശ് ഹാർഡോയിൽ കാമുകനൊപ്പം കണ്ട ഭാര്യയുടെ മൂക്ക് കടിച്ചുമുറിച്ച് ഭർത്താവ്. ഗുരുതരമായി പരിക്കേറ്റ 25 കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ യുവതിയുടെ ഭർത്താവായ ഹാർഡോയ് സ്വദേശി രാം ഖിലാവാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

ദമ്പതികൾ താമസിച്ചിരുന്ന അതേ ഗ്രാമത്തിൽ തന്നെയായിരുന്നു യുവതിയുടെ കാമുകനും താമസിച്ചിരുന്നത്. യുവതി കാമുകനെ കാണാൻ പോയപ്പോഴാണ് സംഭവം. ഭർത്താവ് രാം ഖിലാവാൻ യുവതിയെ പിന്തുടർന്നിരുന്നു. യുവതി കാമുകനെ കാണാനാണ് പോയതെന്ന് മനസിലായതോടെ ദമ്പതികൾ തമ്മിൽ വലിയ തർക്കമുണ്ടായി.

തർക്കത്തിനിടെ രാം ഖിൽവാൻ കാമുകന്റെ മുന്നിൽ വെച്ച് ഭാര്യയുടെ മൂക്ക് കടിച്ചുമുറിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. സ്ത്രീയുടെ നിലവിളി കേട്ട് സ്ഥലത്തെത്തിയ നാട്ടുകാർ കണ്ടത് ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടക്കുന്ന യുവതിയെയാണ്. ഉടൻ തന്നെ നാട്ടുകാരും കുടുംബാംഗങ്ങളും പൊലീസിൽ വിവരമറിയിച്ചു.

ഹരിയവാൻ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റ സ്ത്രീയെ ഹർദോയ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പരിക്ക് ഗുരുതരമായതിനാൽ തന്നെ വിദഗ്ധ ചികിത്സയ്ക്കായി യുവതിയെ ലഖ്‌നൗവിലെ ഒരു മെഡിക്കൽ സ്ഥാപനത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

ഭർത്താവ് രാം ഖിലാവാനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് അഡീഷണൽ എസ്‌പി നരേന്ദ്ര കുമാർ പറഞ്ഞു. നിയമനടപടികൾ പുരോഗമിക്കുകയാണെന്നും കേസിൻ്റെ എല്ലാ കോണുകളിൽ നിന്നും അന്വേഷിച്ചുവരികയാണെന്നും എസ്‌പി കൂട്ടിച്ചേർത്തു.

SCROLL FOR NEXT