ഹൈദരാബാദ്: തെലങ്കാനയിൽ നിന്ന് ജോലി തേടി റഷ്യയിലെത്തിയ യുവാവ് മരണഭീതിയിൽ. നിർമാണ മേഖലയിൽ ജോലിക്കായി എത്തിയ യുവാവിനെ റഷ്യ- യുക്രെയ്‌ൻ യുദ്ധത്തിൽ നിർബന്ധിച്ച് സൈന്യത്തിൽ ചേർക്കുകയായിരുന്നു. ജോബ് എജന്റിന്റെ ചതിയിൽ പെട്ട് ഇപ്പോൾ യുദ്ധമുഖത്ത് മരണത്തെ മുഖാമുഖം കണ്ട് കഴിയുകയാണെന്ന് ഹൈദരാബാദ് സ്വദേശി അഹമ്മദ് വീഡിയോയിലൂടെ വെളിപ്പെടുത്തി.
റഷ്യയിൽ വെച്ച് എന്ന് പറയപ്പെടുന്ന അഹമ്മദ് പകർത്തിയ ഒരു സെൽഫി വീഡിയോയിൽ, തന്നോടൊപ്പം പരിശീലനം നേടിയ 25 പേരിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ 17 പേർ കൊല്ലപ്പെട്ടതായി പറയുന്നുണ്ട്. അതിർത്തി പ്രദേശത്ത് യുദ്ധത്തിനിടയിലാണ് നിൽക്കുന്നതെന്നും, താനടക്കം നാല് ഇന്ത്യക്കാർ യുദ്ധമുഖത്ത് പോകാൻ വിസമ്മതിച്ചപ്പോൾ അവർ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായും അഹമ്മദ് വീഡിയോയിൽ പറയുന്നു.
പരിശീലനത്തിന് ശേഷം, 26 പേരെ യുക്രെയ്ൻ സൈന്യവുമായി പോരാടാൻ അതിർത്തി പ്രദേശത്തേക്ക് കൊണ്ടുപോയി. ആ സമയം അഹമ്മദ് സൈനിക വാഹനത്തിൽ നിന്ന് ചാടി വലതു കാലിന് ഒടിവ് സംഭവിച്ചതായും പറയുന്നു. ജോലിയില്ലാതെ 25 ദിവസം ഇരുത്തി. ജോലി ചോദിച്ചുകൊണ്ടിരുന്നപ്പോൾ ഒടുവിൽ. എന്നെ ബലമായി സൈന്യത്തിലെത്തിച്ചു അഹമ്മദ് കൂട്ടിച്ചേർത്തു. തന്നെ ചതിച്ച ഏജന്റിനെ വെറുതെ വിടരുതെന്നും അഹമ്മദ് പറഞ്ഞു.
അഹമ്മദിന്റെ ഭാര്യ അഫ്ഷ ബീഗം റഷ്യയിൽ കുടുങ്ങിയ ഭർത്താവിനുവേണ്ടി സഹായമഭ്യർഥിച്ച് വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് അയച്ച കത്തിൽ, മുംബൈ ആസ്ഥാനമായുള്ള ഒരു കൺസൾട്ടൻസി സ്ഥാപനം തന്റെ ഭർത്താവിന് റഷ്യയിലെ ഒരു നിർമ്മാണ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്തതായി അഹമ്മദിന്റെ ഭാര്യ പറയുന്നു. കരാർ പ്രകാരം, 2025 ഏപ്രിലിൽ അഹമ്മദ് ഇന്ത്യ വിട്ട് റഷ്യയിലെത്തിയെന്നും അവിടെ വച്ച് നിർബന്ധിച്ച് സൈന്യത്തിൽ ചേർത്തതായും അഫ്‌ഷ നൽകിയ കത്തിൽ പറയുന്നു. കുടുംബത്തിന്റെ ഏക ആശ്രയം ഭർത്താവാണെന്നും, തളർവാതം ബാധിച്ച അമ്മയും, താനും, പത്ത് വയസും നാല് വയസും പ്രായമുള്ള രണ്ട് കുട്ടികളും അടങ്ങുന്നതാണെന്നും പറഞ്ഞ അഫ്ഷ ബീഗം, അദ്ദേഹത്തെ ഉടൻ നാട്ടിലേക്ക് കൊണ്ടുപോകാൻ സർക്കാർ ക്രമീകരണങ്ങൾ ചെയ്യണമെന്ന് അപേക്ഷിച്ചു.
കുടുംബത്തിന്റെ അഭ്യർഥന മാനിച്ച്, അഹമ്മദിനെ തിരികെ കൊണ്ടുവരാൻ സഹായിക്കണമെന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി വിദേശകാര്യ മന്ത്രാലയത്തോടും റഷ്യയിലെ ഇന്ത്യൻ എംബസിയോടും അഭ്യർത്ഥിച്ചിട്ടുണ്ട്. എംബസിക്ക് അയച്ച കത്തിൽ, അഹമ്മദിനെ സുരക്ഷിതമായി നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഒവൈസി അധികൃതരോട് ആവശ്യപ്പെട്ടു.
മോസ്കോയിലെ ഇന്ത്യൻ എംബസിയിലെ കൗൺസിലറായ തഡു മാമു, അഹമ്മദിന്റെ വിവരങ്ങൾ റഷ്യൻ അധികാരികളുമായി പങ്കുവെച്ചിട്ടുണ്ടെന്നും റഷ്യൻ സൈന്യത്തിൽ നിന്ന് അദ്ദേഹത്തെ എത്രയും വേഗം ഡിസ്ചാർജ് ചെയ്ത് ഇന്ത്യയിലേക്ക് സുരക്ഷിതമായി തിരിച്ചയയ്ക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അറിയിച്ചു. ഷ്യൻ സൈന്യത്തിലെ ഇന്ത്യൻ പൗരന്മാരുടെ എല്ലാ കേസുകളും മുൻഗണനാക്രമത്തിൽ എംബസി ഫോളോ അപ്പ് ചെയ്യുന്നുണ്ടെന്നും അറിയിച്ചു.
റഷ്യൻ സൈന്യത്തിലേക്ക് അടുത്തിടെ റിക്രൂട്ട് ചെയ്യപ്പെട്ട 27 ഇന്ത്യൻ പൗരന്മാരെ കൂടി മോചിപ്പിക്കണമെന്ന് കഴിഞ്ഞ മാസം ഇന്ത്യ റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. റഷ്യൻ സൈന്യത്തിൽ കൂടുതൽ ഇന്ത്യക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് മനസ്സിലായിട്ടുണ്ടെന്നും അവരുടെ കുടുംബങ്ങളിൽ നിന്നുള്ള പുതിയ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.