IAF Chief AP Singh on US F-35 Fighter Jets at Tarang Shakti 2026 PTI
NATIONAL

'വിമാനത്തിന് അടുത്തേക്ക് പോലും വിടുന്നില്ല, എന്നിട്ടാണോ വിൽപ്പന'; യുഎസ് കമാൻഡറെ വേദിയിലിരുത്തി എഫ്-35 നെക്കുറിച്ച് വ്യോമസേനാ മേധാവി

ഇന്ത്യയ്ക്ക് എഫ്-35 വിമാനങ്ങൾ വിൽക്കാൻ അമേരിക്ക വാഗ്ദാനം നൽകിയിട്ടുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, "അവരുടെ ആളുകൾ ഞങ്ങളെ വിമാനത്തിന്റെ അടുത്തേക്ക് പോലും അടുപ്പിക്കുന്നില്ല, എന്നിട്ടാണ് അത് ഞങ്ങൾക്ക് വിൽക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നത്" എന്നായിരുന്നു എയർ ചീഫ് മാർഷൽ സിംഗിന്റെ പ്രതികരണം.

Author : ന്യൂസ് ഡെസ്ക്

ജോധ്പൂർ: അമേരിക്കയുടെ അത്യാധുനിക അഞ്ചാം തലമുറ സ്റ്റെൽത്ത് പോർവിമാനമായ എഫ്-35 നെക്കുറിച്ച് തുറന്നടിച്ച് ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ്. യുഎസ് ഉദ്യോഗസ്ഥർ തങ്ങളെ ഈ വിമാനത്തിന്റെ അടുത്തേക്ക് പോലും അടുപ്പിക്കുന്നില്ലെന്ന് യുഎസ് പസഫിക് എയർ ഫോഴ്സ് കമാൻഡർ ജനറൽ കെവിൻ ഷ്നൈഡറെ വേദിയിലിരുത്തി അദ്ദേഹം വ്യക്തമാക്കി. രാജസ്ഥാനിലെ ജോധ്പൂരിൽ സമാപിച്ച ബഹുരാഷ്ട്ര വ്യോമാഭ്യാസ പ്രകടനമായ 'തരംഗ് ശക്തി-2026'ന്റെ സമാപനത്തോടനുബന്ധിച്ച് സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വ്യോമസേനാ മേധാവി. ഇന്ത്യയ്ക്ക് എഫ്-35 വിമാനങ്ങൾ വിൽക്കാൻ അമേരിക്ക വാഗ്ദാനം നൽകിയിട്ടുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, "അവരുടെ ആളുകൾ ഞങ്ങളെ വിമാനത്തിന്റെ അടുത്തേക്ക് പോലും അടുപ്പിക്കുന്നില്ല, എന്നിട്ടാണ് അത് ഞങ്ങൾക്ക് വിൽക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നത്" എന്നായിരുന്നു എയർ ചീഫ് മാർഷൽ സിംഗിന്റെ പ്രതികരണം.

വിമാനത്തിന്റെ കോക്ക്പിറ്റ് തങ്ങൾക്ക് കാണിച്ചുതന്നില്ലെങ്കിലും വ്യോമാഭ്യാസത്തിനിടെ എഫ്-35 വിമാനങ്ങളുമായി വളരെ അടുത്ത ഫോർമേഷനിൽ പറക്കാൻ അമേരിക്കൻ വ്യോമസേന തങ്ങൾക്ക് അനുമതി നൽകിയിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. തന്ത്രപ്രധാനമായ സൈനിക സാങ്കേതികവിദ്യകൾ ഓരോ രാജ്യങ്ങളും സംരക്ഷിക്കുന്നത് ഇത്തരത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, എഫ്-35 വിമാനവുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങൾ പങ്കുവെക്കുന്നതിൽ തനിക്ക് തീരുമാനമെടുക്കാനാവില്ലെന്നാണ് ഒപ്പമുണ്ടായിരുന്ന ജനറൽ കെവിൻ ഷ്നൈഡർ വ്യക്തമാക്കിയത്.

എന്ത് വിവരങ്ങൾ എപ്പോൾ പങ്കുവെക്കണം, തന്ത്രപ്രധാന വിവരങ്ങൾ എങ്ങനെ സംരക്ഷിക്കണം എന്നതൊക്കെ പ്രോഗ്രാം തലത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കപ്പെടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ സുഖോയ് സു-57 വാങ്ങുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, റഷ്യ ഔദ്യോഗികമായി വാഗ്ദാനം നൽകിയിട്ടുണ്ടെന്നും എന്നാൽ ഇതിൽ ഇതുവരെ അന്തിമ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ലെന്നും വ്യോമസേനാ മേധാവി വ്യക്തമാക്കി.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന അഞ്ചാം തലമുറ പോർവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമാകാൻ ഇനിയും വർഷങ്ങൾ എടുക്കുമെന്നിരിക്കെ, മറ്റ് പോർവിമാനങ്ങള്‍ വാങ്ങാനുള്ള ചർച്ചകൾ ഇന്ത്യയിൽ സജീവമാണ്. ചൈന തങ്ങളുടെ ജെ-20 , ജെ-35 എന്നീ ആധുനിക വിമാനങ്ങൾ ഉൾപ്പെടുത്തി അതിവേഗം വിപുലീകരിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ നീക്കം. ഇതിനുപുറമെ പാകിസ്ഥാന് 40 ജെ-35 പോർവിമാനങ്ങൾ കൈമാറാൻ ബെയ്ജിംഗ് പദ്ധതിയിടുന്നുണ്ടെങ്കിലും ഇവയുടെ കൈമാറ്റം ഇതുവരെ ആരംഭിച്ചിട്ടില്ല.

പടിഞ്ഞാറന്‍ അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയുടെ റഡാർ, സെൻസർ, ഇന്റലിജൻസ് സംവിധാനങ്ങൾക്ക് ഇത്തരം അത്യാധുനിക വിമാനങ്ങളുടെ പ്രവർത്തനരീതി മനസ്സിലാക്കുന്നത് നിർണായകമാണ്. എങ്കിലും, ഏതൊരു വിമാനം വാങ്ങുന്നതിലും സാങ്കേതികവിദ്യാ കൈമാറ്റം, ആയുധങ്ങളുടെ സംയോജനം, അറ്റകുറ്റപ്പണികൾ, ദീർഘകാല തന്ത്രപരമായ പങ്കാളിത്തം എന്നിവ നിർണായക ഘടകങ്ങളാണ്. ആദ്യമായാണ് ആറ് യുഎസ് എഫ്-35 ലൈറ്റ്നിംഗ് 2 യുദ്ധവിമാനങ്ങൾ ഇന്ത്യയിലെത്തി തരംഗ് ശക്തി അഭ്യാസപ്രകടനത്തിൽ പങ്കെടുത്തത്.

ശത്രു റഡാറുകളുടെ കണ്ണുവെട്ടിക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യയും റഡാർ, ഇലക്ട്രോണിക് വാർഫെയർ, താപ സെൻസറുകൾ എന്നിവയെ സംയോജിപ്പിച്ച് യുദ്ധമുഖത്തിന്റെ സമ്പൂർണ്ണ ദൃശ്യം പൈലറ്റിന് ഒറ്റ സ്ക്രീനിൽ ലഭ്യമാക്കുന്ന അഡ്വാൻസ്ഡ് ഏവിയോണിക്സ് സെൻസർ ഫ്യൂഷനുമാണ് എഫ്-35 പോലെയുള്ള അഞ്ചാം തലമുറ വിമാനങ്ങളുടെ പ്രധാന സവിശേഷത. സ്വന്തമായി അഞ്ചാം തലമുഖ വിമാനങ്ങള്‍ വികസിപ്പിക്കാനുള്ള ദീർഘകാല ലക്ഷ്യത്തിന് തടസം നേരിടാതെ സുരക്ഷാ വെല്ലുവിളികളെ അതിജീവിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

SCROLL FOR NEXT