NATIONAL

"വിചാരണ വൈകുന്ന വേളയിൽ ജാമ്യമാണ് നിയമം, അത് നല്‍കിയിരിക്കണം"; ഉമര്‍ ഖാലിദ് കേസില്‍ ഡി.വൈ. ചന്ദ്രചൂഡ്

പ്രതികളുടെ വിചാരണ വേഗത്തിലാക്കുന്നത് കോടതികള്‍ പരിഗണിക്കണമെന്നും ഡി.വൈ. ചന്ദ്രചൂഡ് ആവശ്യപ്പെട്ടു.

Author : കവിത രേണുക

ജയ്പൂര്‍: ഡല്‍ഹി കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് തടവില്‍ കഴിയുന്ന ഉമര്‍ ഖാലിദിന് വിചാരണക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ജാമ്യം ഭരണഘടന വിരുദ്ധമല്ല. അത് ദുരുപയോഗം ചെയ്യപ്പെടുന്നതാണ് തടയേണ്ടതെന്നും മുന്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു.

പ്രതികളുടെ വിചാരണ വേഗത്തിലാക്കുന്നത് കോടതികള്‍ പരിഗണിക്കണമെന്നും ഡി.വൈ. ചന്ദ്രചൂഡ് ആവശ്യപ്പെട്ടു. യുഎപിഎ ചുമത്തി അറസ്റ്റിലായ കേസില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി വിചാരണയില്ലാതെ തടവ് ശിക്ഷ അനുവഭിക്കുകയാണ് ഉമര്‍ ഖാലിദ്.

ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കവെ, മാധ്യമപ്രവര്‍ത്തകനായ വീര്‍ സാംഗ്‌വിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ഇപ്പോള്‍ ഞാന്‍ ഒരു ജഡ്ജായല്ല, ഒരു പൗരനായാണ് സംസാരിക്കുന്നത്. ശിക്ഷയ്ക്ക് മുമ്പ് ജാമ്യം ലഭിക്കേണ്ടതിന്റെ അവകാശത്തെക്കുറിച്ചാണ് പറയുന്നത്. വിചാരണയില്‍ കുറ്റം തെളിയുന്നതുവരെ നമ്മുടെ നിയമപ്രകാരം കുറ്റാരോപിതന്‍ മാത്രമാണ്. ഏഴ് വര്‍ഷം ഒരാള്‍ വിചാരണ തടവുകാരനായി കഴിഞ്ഞ ശേഷം വെറുതെ വിട്ടാല്‍ അയാളുടെ നഷ്ടപ്പെട്ട സമയത്തെ എങ്ങനെ തിരിച്ചുകൊടുക്കാൻ കഴിയും?,' ഡി.വൈ. ചന്ദ്രചൂഡ് ചോദിച്ചു.

ഏഴ് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഒരു സീരിയല്‍ റേപിസ്റ്റ് വീണ്ടും അതേ കുറ്റകൃത്യം ചെയ്യാന്‍ സാധ്യതയുണ്ടെന്നതിനാല്‍ അയാള്‍ക്ക് ജാമ്യം നിഷേധിക്കാം. രണ്ടാമതായി ഒരാള്‍ ജാമ്യം ലഭിച്ച് വിചാരണയ്ക്ക് എത്താതെ രക്ഷപ്പെട്ടു കഴിഞ്ഞാലോ തെളിവുകള്‍ നശിപ്പിച്ചാലോ ജാമ്യം നിഷേധിക്കാം. എന്നാല്‍ ഇക്കാരണങ്ങളൊന്നുമല്ലെങ്കില്‍ ജാമ്യം നല്‍കണം. പക്ഷെ ഇന്നത്തെ കാലത്തെ പ്രശ്‌നം, ദേശീയ സുരക്ഷാ നിയമങ്ങള്‍ ഒരാളെ നിരപരാധി എന്നതിന് പകരം അയാളെ കുറ്റവാളിയാക്കി മാറ്റുന്നു എന്നതാണ്.

'ആളുകളെ തടങ്കലില്‍ വയ്ക്കുന്നത് സംബന്ധിച്ചും അത്തരം കേസുകളില്‍ ദേശീയ സുരക്ഷയ്ക്ക് യഥാര്‍ത്ഥത്തില്‍ പങ്കുണ്ടോ എന്നതും കോടതികള്‍ പരിശോധിക്കണ്ടതാണ്. അല്ലെങ്കില്‍, ആളുകള്‍ വര്‍ഷങ്ങളോളം ജയിലില്‍ കിടക്കേണ്ടി വരുമെന്നും ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.

ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ പ്രശ്‌നം വിചാരണകള്‍ ന്യായമായ സമയത്തിനുള്ളില്‍ അവസാനിക്കുന്നില്ല എന്നതാണ്. അത് ആര്‍ട്ടിക്കിള്‍ 21 പ്രകാരം വേഗത്തിലുള്ള വിചാരണയ്ക്കുള്ള ഒരു പൗരന്റെ അവകാശത്തിന്റെ ലംഘനമാണ്. ഒരു നിയമപ്രകാരം ജാമ്യം നിഷേധിക്കപ്പെട്ടാലും, ഭരണഘടനയാണ് പരമോന്നതം. അതിനാല്‍, ഒഴിവാക്കലുകള്‍ ഇല്ലാതെ, ജാമ്യം അനുവദിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT