സംഭവം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ, ജില്ലാ ഭരണകൂടം വിഷയത്തില്‍ ഇടപെട്ടു Source: X
NATIONAL

ദളിത് സ്ത്രീയെ പാചകക്കാരിയായി നിയമിച്ചു; കര്‍ണാടകയില്‍ സ്കൂള്‍ ബഹിഷ്കരിച്ച് മാതാപിതാക്കള്‍

22 കുട്ടികളാണ് സ്കൂളിലുണ്ടായിരുന്നത്. ദളിത് സ്ത്രീയെ പാചകക്കാരിയായി നിയമിച്ചതിനു പിന്നാലെ, 12 കുട്ടികളെ മാതാപിതാക്കള്‍ ടി.സി വാങ്ങി കൊണ്ടുപോയി.

Author : ന്യൂസ് ഡെസ്ക്

ഇന്ത്യയില്‍ ഇപ്പോഴും ജാതിവിവേചനമുണ്ടോ എന്ന് ചോദിക്കുന്നവര്‍ക്ക് കര്‍ണാടകയിലെ ചാമരാജനഗറില്‍ നിന്നൊരു മറുപടി. നാണവും മാനവുമുള്ള പരിഷ്കൃത സമൂഹം തല കുനിച്ചുനില്‍ക്കേണ്ടിവരുന്നതാണ് സംഭവം. സര്‍ക്കാര്‍ സ്കൂളില്‍ ദളിത് സ്ത്രീയെ പാചകത്തിനായി നിയമിച്ചതിന്റെ പേരില്‍ കുട്ടികളെ കൂട്ടത്തോടെ വിളിച്ചുകൊണ്ടുപോയി മാതാപിതാക്കള്‍. ഇതോടെ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ് സ്കൂളെന്ന് ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹോ​മ ഗ്രാ​മ​ത്തി​ലെ ഗ​വ. ഹ​യ​ർ പ്രൈ​മ​റി സ്കൂ​ളി​ലാണ് സംഭവം. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് ദളിത് സ്ത്രീയെ പ്രധാന പാചകക്കാരിയായി നിയമിച്ചു. ഇത് രക്ഷിതാക്കള്‍ക്കിടയില്‍ വലിയ അതൃപ്തിക്ക് കാരണമായി. ഉച്ചഭക്ഷണത്തിന് കുട്ടികള്‍ കുറഞ്ഞു. 22 കുട്ടികള്‍ ഉച്ച ഭക്ഷണം കഴിച്ചിരുന്ന സ്ഥാനത്ത് വെറും ഏഴ് പേര്‍ മാത്രമായി. പിന്നാലെ, മാതാപിതാക്കള്‍ കുട്ടികളുടെ ടി.സി വാങ്ങി അടുത്തുള്ള മറ്റ് സ്കൂളിലേക്ക് മാറ്റി.

2024-25 അക്കാദമിക വര്‍ഷം ആരംഭിക്കുമ്പോള്‍ 22 കുട്ടികളാണ് സ്കൂളിലുണ്ടായിരുന്നത്. ദളിത് സ്ത്രീയെ പാചകക്കാരിയായി നിയമിച്ചതിനു പിന്നാലെ, 12 കുട്ടികളെ മാതാപിതാക്കള്‍ ടി.സി വാങ്ങി കൊണ്ടുപോയി. ഒന്‍പതു പേര്‍ ടി.സിക്കുള്ള അപേക്ഷ നല്‍കി. നിലവില്‍ ഒരു കുട്ടി മാത്രമാണ് ക്ലാസില്‍ വരുന്നത്, രണ്ട് അധ്യാപകരുമുണ്ട്. കുട്ടികള്‍ ഇല്ലാതായതോടെ, അടച്ചുപൂട്ടല്‍ ഭീഷണിയിലാണ് സ്കൂള്‍.

വിവാദ സംഭവവുമായി ബന്ധപ്പെട്ട കന്നഡ വാര്‍ത്ത

സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ, ജില്ലാ ഭരണകൂടം വിഷയത്തില്‍ ഇടപെട്ടു. അധ്യാപകരെയും രക്ഷിതാക്കളെയും ഉള്‍പ്പെടുത്തി നിരവധി യോഗങ്ങള്‍ നടത്തി. വിദ്യാഭ്യാസ വകുപ്പിലെയും, സാമുഹ്യ സുരക്ഷാ വകുപ്പിലെയും ഉദ്യോഗസ്ഥരും സ്കൂള്‍ സന്ദര്‍ശിച്ചു. ചാമരാജ് നാഗര്‍ ജില്ലാ പൊലീസ് മേധാവി ബി.ടി. കവിത, ജില്ല പഞ്ചായത് സിഇഒ മോന റോവത്ത്, ഡിഡിപിഐ രാമചന്ദ്ര രാജെ ഉര്‍സ് എന്നിവര്‍ അധ്യാപകരോടും മാതാപിതാക്കളോടും വ്യക്തിപരമായി സംസാരിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ ബോധവത്കരണത്തിന്റെ ഫലമായി എട്ട് കുട്ടികളെ തിരികെ ചേര്‍ക്കാമെന്ന് രക്ഷിതാക്കള്‍ സമ്മതിച്ചിട്ടുണ്ട്.

സ്കൂളിലെ അധ്യാപനം മോശമായതിനാലാണ് കുട്ടികളെ മാറ്റിയതെന്നാണ് മാതാപിതാക്കളുടെ വിശദീകരണമെന്ന് മോന റോവത്ത് പറഞ്ഞു. ഇതിന് വിരുദ്ധമായ റിപ്പോര്‍ട്ടുകളും ലഭിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ അന്വേഷിക്കും. ആവശ്യമെങ്കില്‍ അധ്യാപകരെ നിയമിക്കുമെന്നും ആവശ്യമായ നടപടികളെടുക്കുമെന്നും മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും റോവത്ത് പറഞ്ഞു.

എന്തുകൊണ്ടാണ് കുട്ടികള്‍ സ്കൂളിലെ ഉച്ചഭക്ഷണം കഴിക്കാത്തത് എന്നതുള്‍പ്പെടെ കാര്യങ്ങള്‍ സമഗ്രമായി അന്വേഷിക്കുമെന്ന് എസ്‌പി കവിത പറഞ്ഞു. അയിത്താചാരണം നടന്നിരുന്നതായി കണ്ടെത്തുകയും പരാതി ലഭിക്കുകയും ചെയ്താല്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുമെന്നും അവര്‍ വ്യക്തമാക്കി.

SCROLL FOR NEXT