സുപ്രീം കോടതി 
NATIONAL

ഒന്നിച്ച് കഴിഞ്ഞു, ഒരു കുട്ടിയായി; ബന്ധം പിരിയുമ്പോള്‍ എങ്ങനെ പീഡനമാകും? ലിവിങ് ടുഗെദര്‍ കേസില്‍ സുപ്രീം കോടതി

നിയമപരമല്ലാത്ത ബന്ധങ്ങള്‍ ഉണ്ടാകാമെങ്കിലും അതിലുണ്ടാകുന്ന കുട്ടി നിയമപരമല്ലാതാകുന്നില്ലെന്നും കോടതി

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ലിവിങ് ടുഗെദര്‍ ബന്ധങ്ങളില്‍ സുപ്രധാന നിരീക്ഷണങ്ങളുമായി സുപ്രീം കോടതി. ലിവിങ്-ടുഗെദര്‍ പങ്കാളികള്‍ ബന്ധം വേര്‍പിരിയുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇത്തരം ബന്ധങ്ങളിലെ നിയമപരമായ വിവാഹ ഉടമ്പടികള്‍ ഇല്ലാത്തതിലുള്ള അപകടസാധ്യതകളെക്കുറിച്ചും കോടതി മുന്നറിയിപ്പ് നല്‍കി.

ലിവ് ഇന്‍ പങ്കാളിക്കെതിരെ യുവതി നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് കോടതിയുടെ നിരീക്ഷണങ്ങള്‍. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധവും ലൈഗികാതിക്രമവും തമ്മില്‍ വ്യത്യാസമുണ്ടെന്നും കോടതി ഊന്നിപ്പറഞ്ഞു. നിയമപരമായ വിവാഹ ഉടമ്പടികള്‍ ഇല്ലാത്ത ബന്ധങ്ങളിലെ അപകട സാധ്യതകളെ കുറിച്ചും കോടതി ചൂണ്ടിക്കാട്ടി.

പരാതി നല്‍കിയ സ്ത്രീയും ആരോപണം നേരിടുന്ന പുരുഷനും ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു. ഈ ബന്ധത്തില്‍ ഒരു കുഞ്ഞുമുണ്ട്. പക്ഷെ, ലൈംഗിക പീഡനവും ബലാത്സംഗവുമാണ് യുവതി ഇപ്പോള്‍ ആരോപിക്കുന്നത്. ഉഭയസമ്മതത്തോടെയുള്ള ബന്ധം എങ്ങനെയാണ് ലൈംഗികാതിക്രമമായി മാറുന്നതെന്ന് ജസ്റ്റിസ് ബി.വി. നാഗരത്‌ന ചോദിച്ചു.

ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍, സാധാരണയായി 'ഇരയെ അപമാനിക്കുന്നതായാണ്' വിമര്‍ശിക്കപ്പെടുക, എന്നാല്‍, സമ്മതത്തിന്റെ സ്വഭാവവും പ്രധാനമാണെന്ന് ജഡ്ജി ഊന്നിപ്പറഞ്ഞു. സമ്മതത്തോടെയുള്ള ബന്ധം എങ്ങനെയാണ് കുറ്റകൃത്യത്തിലേക്ക് മാറുന്നതെന്നും കോടതി ചോദിച്ചു.

ലിവിങ് ടുഗെദര്‍ ബന്ധങ്ങളില്‍ സംഭവിക്കുന്നത് ഇതാണ്. വര്‍ഷങ്ങളോളം അവര്‍ ഒരുമിച്ച് ജീവിക്കുന്നു. പിന്നീട് ആ ബന്ധം പിരിയുമ്പോള്‍, പുരുഷനെതിരെ സ്ത്രീ ലൈംഗിക പീഡനത്തിന് പരാതി നല്‍കുന്നു. വിവാഹത്തിന് പുറത്തുള്ള ബന്ധങ്ങളിലുണ്ടാകുന്ന അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങളാണിവയെന്നും കോടതി പറഞ്ഞു.

വിധവയായിരുന്ന യുവതിക്ക് 18 വയസ്സുള്ളപ്പോഴാണ് വിവാഹ വാഗ്ദാനം നല്‍കിയതെന്ന് ഹര്‍ജിക്കാരിയുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. ഈ സമയത്ത് ആരോപണവിധേയന്‍ വിവാഹിതനും നാല് ഭാര്യമാരും ഉണ്ടായിരുന്നു. ഇക്കാര്യം യുവതിക്ക് അറിയില്ലായിരുന്നുവെന്നും അഭിഭാഷകര്‍ വാദിച്ചു.

എന്നാല്‍, നിയമപരമായി വിവാഹം കഴിക്കുന്നതിനു മുമ്പ് എന്തിന് ഒന്നിച്ചു ജീവിച്ചുവെന്നും എന്തിന് കുഞ്ഞുണ്ടാകാന്‍ തീരുമാനിച്ചുവെന്നായിരുന്നു കോടതിയുടെ ചോദ്യം. ഇതേ രീതിയിലാണ് പ്രതി മറ്റ് സ്ത്രീകളോടും പെരുമാറിയതെന്ന് അഭിഭാഷകര്‍ അറിയിച്ചപ്പോള്‍, കോടതിക്ക് മുന്നിലുള്ള കേസിനെ കുറിച്ച് മാത്രമാണ് ചോദിക്കുന്നതെന്നായിരുന്നു മറുപടി.

എങ്കിലും, യുവതിയുടെ നിലവിലെ സാഹചര്യത്തില്‍ ആശങ്ക രേഖപ്പെടുത്തിയ കോടതി, കുട്ടിയുടെ ചെലവിനായി കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി. പക്ഷെ, ലിവ് ഇന്‍ ബന്ധം അവസാനിച്ചു എന്നത് കൊണ്ട് മാത്രം അത് ക്രിമിനല്‍ കുറ്റമായി മാറുന്നില്ലെന്നും വ്യക്തമാക്കി.

നിയമപരമല്ലാത്ത ബന്ധങ്ങള്‍ ഉണ്ടാകാമെങ്കിലും അതിലുണ്ടാകുന്ന കുട്ടി നിയമപരമല്ലാതാകുന്നില്ലെന്നും കോടതി വ്യക്തമാക്കി. വിവാഹബന്ധമായിരുന്നെങ്കില്‍ സ്ത്രീക്ക് കൂടുതല്‍ നിയമപരിരക്ഷ ലഭിക്കുമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പ്രശ്‌നങ്ങള്‍ മധ്യസ്ഥ ചര്‍ച്ചകളിലൂടെ ഒത്തുതീര്‍പ്പാക്കാന്‍ കക്ഷികളോട് നിര്‍ദേശിച്ചു.

SCROLL FOR NEXT