NATIONAL

വീണ്ടും ട്വിസ്റ്റ്; രണ്ട് എംഎൽഎമാരുടെ കുറവുണ്ട്; വിജയ്‌യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍

വിസികെയുടേയും മുസ്ലീം ലീഗിന്റെയും പിന്തുണക്കത്ത് ലഭിച്ചില്ല

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ വിജയ്‌യുടെ നേതൃത്വത്തില്‍ ടിവികെ സര്‍ക്കാര്‍ രൂപീകരിക്കുമോ? സസ്‌പെന്‍സ് തുടരുകയാണ്. 120 എംഎല്‍എമാരുടെ പിന്തുണ ഉറപ്പായെന്നും നാളെ സത്യപ്രതിജ്ഞ നടക്കുമെന്നും വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് പുതിയ ട്വിസ്റ്റ്.

ഇതുവരെ 116 എംഎല്‍എമാരുടെ പിന്തുണക്കത്ത് മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും വിസികെയുടേയും മുസ്ലീം ലീഗിന്റെയും പിന്തുണക്കത്ത് ലഭിച്ചിട്ടില്ലെന്നുമാണ് ഗവര്‍ണര്‍ ആര്‍.വി. ആര്‍ലേക്കറിന്റെ ഓഫീസില്‍ നിന്നും അറിയിപ്പ് വന്നതായാണ് റിപ്പോര്‍ട്ടുകള്‍.

118 എംഎല്‍എമാരുടെ പിന്തുണ ലഭിക്കാത്ത സാഹചര്യത്തില്‍ നാളെ വിജയ്‌യെ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചിട്ടില്ലെന്നും ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു.

അഞ്ച് സീറ്റുള്ള കോണ്‍ഗ്രസിനെ കൂടാതെ, രണ്ട് സീറ്റ് വീതമുള്ള സിപിഐഎം, സിപിഐ, വിസികെ, മുസ്ലീം ലീഗ് എന്നീ പാര്‍ട്ടികളുടെ പിന്തുണ കൂടി വിജയ്ക്ക് ലഭിച്ചുവെന്നായിരുന്നു നേരത്തേ വന്ന റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയായി നാളെ വിജയ് സത്യപ്രതിജ്ഞ ചെയ്യുമെന്നും അറിയിപ്പ് വന്നിരുന്നു. പിന്നാലെയാണ് ആശയക്കുഴപ്പങ്ങളുണ്ടായത്.

ടിവികെ സഖ്യത്തിന്റെ ഭാഗമല്ലെന്നാണ് മുസ്ലീം ലീഗിന്റെ പുതിയ വിശദീകരണം. ഭരിക്കുന്ന സര്‍ക്കാരിനെ നിയമസഭയില്‍ പിന്തുണയ്ക്കുമെന്നാണ് ഗവര്‍ണറെ അറിയിച്ചതെന്നാണ് ലീഗ് പറയുന്നത്. നല്‍കിയത്, പിന്തുണക്കത്ത് അല്ലെന്നും പിന്തുണ അറിയിപ്പ് മാത്രമാണെന്നും വിശദീകരണത്തില്‍ പറയുന്നു.

സിപിഐ, സിപിഐഎം, വിസികെ, മുസ്ലീം ലീഗ്, എന്നീ പാര്‍ട്ടികളുമായി മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് 118 എംഎല്‍എമാരുടെ പിന്തുണ ഉണ്ടെന്ന് അവകാശപ്പെട്ട് വിജയ് ഇന്ന് വൈകിട്ട് ഗവര്‍ണറെ കണ്ടത്.

ബിജെപിയോടുള്ള സഹകരണം ഒഴിവാക്കാനാണ് ടിവികെയ്ക്ക് പിന്തുണ നല്‍കിയതെന്നായിരുന്നു മുസ്ലീം ലീഗ് നേരത്തേ അറിയിച്ചിരുന്നത്. എന്‍ഡിഎ സഖ്യം അധികാരത്തില്‍ വരാതിരിക്കാനാണ് തീരുമാനമെന്ന് ഇടതു പാര്‍ട്ടികളും അറിയിച്ചു. ടിവികെ വാഗ്ദാനം ചെയ്ത മന്ത്രിസ്ഥാനവും ഇടത് കക്ഷികള്‍ വേണ്ടെന്ന് വച്ചിരുന്നു.

ഇതിനിടയിൽ പിന്തുണക്കത്ത് ഇ-മെയിൽ വഴി അയച്ചിട്ടുണ്ടെന്ന് വിസികെ എക്സ് പോസ്റ്റിൽ അറിയിച്ചിട്ടുണ്ട്.

SCROLL FOR NEXT