NATIONAL

"ഗ്യാനേഷ് കുമാർ രാജി വയ്ക്കണം"; ഇന്ത്യാ സഖ്യത്തിൻ്റെ പ്രതീകാത്മക പരസ്യവിചാരണ ഇന്ന്

വിചാരണയിൽ ഗ്യാനേഷിനെതിരായ പ്രമേയം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അവതരിപ്പിക്കും.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിൻ്റെ പ്രതീകാത്മക ജനകീയ പരസ്യവിചാരണ ഇന്ന്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് ഈ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്.

വിചാരണയിൽ ഗ്യാനേഷിനെതിരായ പ്രമേയം ഖാർഗെ അവതരിപ്പിക്കും. മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാറിനാണ് ജനകീയ പരസ്യവിചാരണ നടപടികളുടെ ചുമതല. വോട്ടർപട്ടിക പരിഷ്‌കരണത്തിലെ ക്രമക്കേടുകളും വോട്ട് മോഷണവും ഉയർത്തിക്കാട്ടിയാണ് ഇന്ത്യാ സഖ്യത്തിൻ്റെ പ്രതിഷേധം.

ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം പാര്‍ലമെന്‍റില്‍ ഒരു വട്ടം പരാജയപ്പെട്ടു. രണ്ടാമത് നല്‍കിയ നോട്ടീസിന് ഇപ്പോഴും രാജ്യസഭയില്‍ പ്രതികരണമൊന്നും ഇല്ല. ഇതോടെയാണ് പ്രതീകാത്മക പരസ്യ വിചാരണയുമായി പ്രതിപക്ഷം മുന്നോട്ടുവരുന്നത്. ഇന്ന് ഉച്ചക്ക് ശേഷം മൂന്നരക്കാണ് പരസ്യ വിചാരണ നടപടി തുടങ്ങുക. അശോക ഹോട്ടല്‍, തല്‍ക്കത്തോറ സ്റ്റേഡിയം, രാംലീല മൈതാനം എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി അനുമതി നിഷേധിക്കപ്പെട്ടതോടെയാണ് ഖാർഗെയുടെ വീട്ടിൽ വച്ച് പ്രതിഷേധം നടത്താനുള്ള തീരുമാനത്തിൽ സഖ്യം എത്തിയത്.

SCROLL FOR NEXT