ഡൽഹി: ഗ്യാനേഷ് കുമാറിൻ്റെ രാജിക്കായി ഡൽഹിയിൽ ഇന്നും പ്രതിഷേധം ഇരമ്പും. പ്രക്ഷോഭം കടുപ്പിക്കാനാണ് ഇന്ത്യാ സഖ്യം ലക്ഷ്യമിടുന്നത്. പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം ഇന്നും ശക്തമായി തുടരുമെന്നാണ് റിപ്പോർട്ടുകൾ. തുടർസമരങ്ങൾ തീരുമാനിക്കാൻ എംപിമാരെ ചായസൽക്കാരത്തിന് ക്ഷണിച്ചിരിക്കുകയാണ് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
അതേ സമയം രാജ്യതലസ്ഥാനത്ത് മിന്നൽ സമരങ്ങൾക്ക് തയ്യാറെടുക്കുകയാണ് ഇടത് വിദ്യാർഥി സംഘടനകൾ. എസ്എഫ്ഐ, ഐസ ,എഐഎസ്‌എഫ് അടക്കം ഇടതു വിദ്യാർത്ഥി യുവജന സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ പ്രതിഷേധ മാർച്ചുണ്ടായാൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയിട്ടുള്ള നേതാക്കളും പ്രവർത്തകരും സമരത്തിന്റെ ഭാഗമാകും.
ഇന്നലെ നടന്ന ഇന്ത്യാ സഖ്യത്തിന്‍റെ മിന്നൽ സമരം രാജ്യതലസ്ഥാനത്തെ പ്രതിഷേധക്കടലാക്കി മാറ്റിയിരുന്നു. രാഹുൽ ഗാന്ധി നയിച്ച സുപ്രീം കോടതി പരിസരത്തേക്കുള്ള മാർച്ചിൽ അഖിലേഷും തേജസ്വിയും ഇടത് നേതാക്കളും ഉൾപ്പെടെ അണിചേർന്നു. ഇരമ്പിയാർത്ത് എത്തിയ പ്രതിഷേധക്കാരെ തടയാനാകാത്ത സ്ഥിതിയിലായിരുന്നു സുരക്ഷാസേന.
ഇതിനിടയിൽ നിരവധി പേരെ ഡൽഹി പൊലീസിൻ്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു. നേരത്തെ ഏതാനും നേതാക്കളെ ചീഫ് ജസ്റ്റിസിനെ കാണാൻ അനുവദിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതോടെ രാഹുൽ ഗാന്ധിയുടെ അഭിഭാഷകർ സുപ്രീം കോടതിയിലെത്തി പരാതി കൈമാറി. ഹർജി ഇന്ന് പരിഗണിച്ചേക്കും.