NATIONAL

ഇത് ഇന്ത്യയുടെ പ്രതിഷേധ ജ്വാല; സുപ്രീം കോടതിയിലേക്ക് 'ചലോ ദില്ലി' മാർച്ചുമായി ഇൻഡ്യ സഖ്യം

മാർച്ചിന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് നേതൃത്വം നൽകുന്നത്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ പരാതി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കൈമാറുന്നതിനായി, പ്രത്യേകം തയ്യാറാക്കിയ ഹർജിയുമായി ഇൻഡ്യ സഖ്യ നേതാക്കൾ സുപ്രീം കോടതിയിലേക്ക് പ്രതിഷേധ മാർച്ച് ആരംഭിച്ചു. പ്രതിപക്ഷ പാർട്ടികളുടെ എം.പിമാരെ ഉൾക്കൊള്ളുന്ന മൂന്ന് ബസുകളിലായാണ് മാർച്ച് ആരംഭിച്ചിരിക്കുന്നത്. 'ചലോ ഡൽഹി, മാർച്ച് ഫോർ ഡെമോക്രസി' എന്നീ പേരിലാണ് മാർച്ച് ആരംഭിച്ചിരിക്കുന്നത്. ബാരാകമ്പയിൽ നിന്നും സുപ്രീം കോടതിയിലേക്കാണ് പ്രതിഷേധ മാർച്ച് നടത്തുക.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി, പ്രിയങ്കാ ഗാന്ധി അടക്കമുള്ള എംപിമാരും, നേഹ ബോറ, യോഗേന്ദ്ര യാദവ് , അഖിലേഷ് യാദവ്, മമതാ ബാനർജി, എ. രാജ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും ഈ വാഹനങ്ങളിലുണ്ട്. ഇൻഡ്യ മുന്നണി നേതാക്കൾക്കൊപ്പം വിവിധ സംഘടനാ പ്രവർത്തകരും ആയിരക്കണക്കിന് പൊതുജനങ്ങളും കാൽനടയായി അവരെ പിന്തുടരുന്നുണ്ട്. ഇന്ത്യൻ ദേശീയ പതാക ഉയർത്തിക്കൊണ്ടും വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ ഉയർത്തിക്കൊണ്ടും തീർത്തും സമാധാനപരമായാണ് മാർച്ച് മുന്നേറുന്നത്.

ഈ പാതയിൽ നിരവധിയായ പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. എങ്കിലും പ്രതിപക്ഷ റാലിക്കാരെ പൊലീസ് തടയുന്നില്ല. അതേസമയം, സമാന്തരമായി പലയിടത്തും നടക്കുന്ന പ്രതിഷേധ മാർച്ചുകളുടെ ഭാഗമായവരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നുണ്ട്.

സുപ്രീം കോടതിയിൽ നിന്ന് ബാരാഖംബ റോഡിലേക്ക് അഭിഭാഷകരുടെ മാർച്ച് നടക്കുന്നുണ്ട്. ഇതിനിടയിൽ അഭിഭാഷകരും പൊലീസും തമ്മിൽ വലിയ വാക്കേറ്റവും ഉണ്ടായിട്ടുണ്ട്.

SCROLL FOR NEXT