പാട്ന: ബിഹാർ തെരഞ്ഞെടുപ്പിൽ ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ഇൻഡ്യാ സഖ്യം. ബിഹാറിൽ മഹാസഖ്യത്തിലെ വിള്ളൽ പരിഹരിക്കാനാണ് കോൺഗ്രസിൻ്റെ നീക്കം. തേജസ്വി ഊർജസ്വലനായ യുവനേതാവാണെന്ന് അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. വികാസ് ശീൽ ഇൻസാൻ പാർട്ടി നേതാവ് മുകേഷ് സാഹ്നിയാണ് ഉപ മുഖ്യമന്ത്രി സ്ഥാനാർഥി.
സീറ്റ് വിഭജനത്തെച്ചൊല്ലി മുന്നണിക്കുള്ളിൽ ആഴ്ചകളോളം നീണ്ട തർക്കം നടന്നിരുന്നു. ഇതിനൊടുവിലാണ് തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കാൻ പ്രതിപക്ഷമഹാസഖ്യം തീരുമാനിച്ചത്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എഐസിസി മുതിർന്ന നിരീക്ഷകൻ അശോക് ഗെഹ്‌ലോട്ടാണ് പ്രഖ്യാപനം നടത്തിയത്.
വിഐപി മേധാവി മുകേഷ് സഹാനി, ബിഹാർ കോൺഗ്രസ് ഇൻ-ചാർജ് കൃഷ്ണ അല്ലവരു, ബിഹാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ബിപിസിസി) പ്രസിഡന്റ് രാജേഷ് റാം, ഇടതു പാർട്ടികളുടെ മറ്റ് നേതാക്കൾ എന്നിവരുൾപ്പെടെ സഖ്യത്തിലെ മറ്റ് നേതാക്കളുടെ സാന്നിധ്യത്തിൽ പട്‌നയിൽ വെച്ചായിരുന്നു പ്രഖ്യാപനം.
തേജസ്വി യാദവ് പ്രതിബദ്ധതയുള്ള ചെറുപ്പക്കാരൻ ആണെന്നായിരുന്നു സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷമുള്ള അശോക് ഗെഹ്‌ലോട്ടിൻ്റെ പ്രസ്താവന. തങ്ങളുടെ മുഖം തേജസ്വി യാദവാണെന്ന പ്രഖ്യാപിച്ച ശേഷം എൻഡിഎയിൽ ആരാണ് സ്ഥാനാർഥിയെന്നും അശോക് ഗെഹ്ലോട്ട് ചോദിച്ചു.
മഹാസഖ്യത്തില്‍ ഭിന്നത തുടരുന്നതിനിടെ തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സ്വയം പ്രഖ്യാപിച്ചിരുന്നു. അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്കായി നിരവധി പദ്ധതികള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച്, മഹാസഖ്യ നേതാക്കളെ കൂട്ടാതെ തേജസ്വി ഒറ്റയ്ക്ക് വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.
അതേസമയം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) പറഞ്ഞിരുന്നു. ഇന്‍ഡ്യ സഖ്യത്തിലെ പ്രധാന കക്ഷിയും ജാര്‍ഖണ്ഡിലെ മുഖ്യ പാര്‍ട്ടിയുമായ ജെഎംഎം ബിഹാര്‍ നിയമസഭയില്‍ മത്സരിക്കില്ലെന്ന് പറയുന്നത് ആദ്യമായാണ്.