NATIONAL

മഞ്ഞുരുകലിന്റെ സൂചനയോ? ഇന്ത്യ-ചൈന വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നെന്ന് റിപ്പോര്‍ട്ട്

അടുത്ത മാസം മുതല്‍ വിമാന കമ്പനികളോട് ചൈനയിലേക്ക് അടിയന്തരമായി സര്‍വീസ് നടത്താന്‍ തയ്യാറായിരിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.

Author : ന്യൂസ് ഡെസ്ക്

ഇന്ത്യയും ചൈനയും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചേക്കുമെന്ന് സൂചന. അടുത്ത മാസം മുതല്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ തുടങ്ങിയ വിമാന കമ്പനികളോട് ചൈനയിലേക്ക് അടിയന്തരമായി സര്‍വീസ് നടത്താന്‍ തയ്യാറായിരിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. ഇത് ഇരു രാജ്യങ്ങളും തമ്മില്‍ ഏറെ നാളായി നിലനില്‍ക്കുന്ന സംഘര്‍ഷവസ്ഥകള്‍ക്കിടെയിലെ മഞ്ഞുരുകലിന്റെ സൂചനയായും വിലയിരുത്തപ്പെടുന്നുണ്ട്.

റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നതിനെതിരെ യുഎസ് ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ നിലപാട് കടുക്കുന്നതിനിടെയാണ് ഇരുരാജ്യങ്ങളും തമ്മിലടുക്കുന്നുവെന്ന സൂചനകള്‍ പുറത്തുവരുന്നത്. യൂറിയ കയറ്റുമതി നിയന്ത്രണം ചൈന നീക്കിയതോടെ വിമാന സര്‍വീസ് വിലക്ക് ഇന്ത്യയും റദ്ദാക്കുകയാണ് ചെയ്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ കേന്ദ്ര വ്യോമയാന മന്ത്രാലയമോ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കോവിഡ് കാലത്താണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള വ്യോമ ബന്ധം നിര്‍ത്തിവെച്ചത്. മാത്രമല്ല, 2020ല്‍ കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ സൈനിക ഏറ്റുമുട്ടലിന് ശേഷം ഇന്ത്യ ചൈന ബന്ധം വഷളാവുകയും ചെയ്തിരുന്നു.

അതേസമയം ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം ചൈന സന്ദര്‍ശിക്കാനിരിക്കുകയാണ്. ഇന്ത്യയുടെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത ചൈന ഈ ഉച്ചകോടി സൗഹൃദത്തിന്റെ ഫലപ്രദമായ കൂടിക്കാഴ്ചയാകുമെന്ന് പ്രതികരിക്കുകയും ചെയ്തിരുന്നു.

SCROLL FOR NEXT