പ്രതീകാത്മക ചിത്രം Image: Freepik
NATIONAL

മഞ്ഞുരുകുന്നു, അഞ്ച് വർഷത്തിനു ശേഷം ഇന്ത്യ-ചൈന വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

ഒക്ടോബര്‍ അവസാനത്തോടെ സര്‍വീസുകള്‍ പുനരാരംഭിക്കും

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന ബന്ധം കൂടുതല്‍ ശക്തമാകുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ അവസാനത്തോടെ സര്‍വീസുകള്‍ പുനരാരംഭിക്കും.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാകുന്നതിന്റെ ഭാഗമായാണ് വിമാന സര്‍വീസുകള്‍ പുനരാംഭിക്കുന്നത്. കോവിഡിനു പിന്നാലെയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. ഇതിനു പിന്നാലെ 2020 ല്‍ ഗാല്‍വാന്‍ താഴ് വരയിലുണ്ടായ അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായതോടെ ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധവും കൂടുതല്‍ വഷളായി.

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യ-ചൈന ഡയറക്ട് വിമാന സര്‍വീസ് പുനസ്ഥാപിക്കുന്നത്. ഒക്ടോബര്‍ അവസാനത്തോടെ വിന്റര്‍ ഷെഡ്യൂളില്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനാണ് ധാരണ.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുനസ്ഥാപിക്കാനും ജനങ്ങള്‍ തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കാനും പുതിയ നീക്കം സഹായിക്കും. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ തുടങ്ങിയ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ക്കായി തയ്യാറെടുക്കുന്നുണ്ട്.

കഴിഞ്ഞ ഓഗസ്റ്റില്‍ ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനു മുമ്പ് ഡല്‍ഹിയില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയിലും മഞ്ഞുരുകുന്നതിന്റെ സൂചനകളുണ്ടായിരുന്നു.

SCROLL FOR NEXT