Source: X
NATIONAL

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫേൽ വിമാനങ്ങൾ വാങ്ങുവാൻ ഇന്ത്യ

ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിൻ്റ് വരാനിരിക്കുന്ന ന്യൂഡൽഹി ഔദ്യോഗിക സന്ദർശനത്തിന് മുന്നോടിയായാണ് ഈ തീരുമാനം

Author : ന്യൂസ് ഡെസ്ക്

വ്യോമസേനയ്ക്കായി 3.25 ലക്ഷം കോടി രൂപയുടെ 114 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിന് അനുമതി നൽകി ഇന്ത്യ. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയൊരു കരാർ. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) ആണ് അനുമതി നൽകിയത്. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിൻ്റ് വരാനിരിക്കുന്ന ന്യൂഡൽഹി ഔദ്യോഗിക സന്ദർശനത്തിന് മുന്നോടിയായാണ് ഈ തീരുമാനം.

വ്യോമസേനയ്ക്കായി ഫ്രാൻസിൽ നിന്ന് 114 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നത് നിർദേശത്തിൽ ഉൾപ്പെടുന്നു. ഇതിൽ 18 വിമാനങ്ങൾ ഫ്രഞ്ച് പ്രതിരോധ നിർമാതാക്കളായ ഡസ്സോൾട്ട് ഏവിയേഷനിൽ നിന്ന് നേരിട്ട് വാങ്ങുകയും ബാക്കി 96 ജെറ്റുകൾ ഇന്ത്യയിൽ നിർമിക്കുകയുമാണ് ചെയ്യുക.

നൂതന യുദ്ധവിമാന സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതും സർക്കാരിൻ്റെ 'മെയ്ക്ക് ഇൻ ഇന്ത്യ' പരിപാടി ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിടുന്നതും കൂടിയാണ് കരാർ. പ്രതിരോധ മന്ത്രാലയം അംഗീകരിച്ചതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റിയുടെ അന്തിമ അനുമതിയും ഏറ്റെടുക്കലിന് ആവശ്യമാണ്.

സംഘർഷ സാധ്യത നിലനിൽക്കുന്ന മുഴുവൻ മേഖലകളിലും വ്യോമ ആധിപത്യം സ്ഥാപിക്കാനുള്ള ഇന്ത്യൻ വ്യോമസേനയുടെ കഴിവ് വർധിപ്പിക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം. ദീർഘദൂര ആക്രമണ ശേഷിയിലൂടെ, പ്രത്യേകിച്ച് സേനയുടെ പ്രതിരോധ ശേഷിയെ ഇത് ഗണ്യമായി ശക്തിപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എംആർഎഫ്എ പ്രോഗ്രാമിന് കീഴിലുള്ള വിമാനങ്ങളിൽ ഭൂരിഭാഗവും ആഭ്യന്തരമായാണ് നിർമിക്കുക.

ഇടപാട് പൂർത്തിയാകുന്നതോടെ ഇന്ത്യയുടെ കൈവശമുള്ള റഫാൽ വിമാനങ്ങളുടെ എണ്ണം 150 ആയി ഉയരും. ഇതിന് പുറമേ, ഇന്ത്യൻ നാവിക സേനാ യുദ്ധക്കപ്പലുകളിൽ നിന്നും പറന്നുയരാൻ ശേഷിയുള്ള 26 റഫേൽ എം വേരിയൻ്റ് വിമാനങ്ങൾ കൂടി ഇന്ത്യ സ്വന്തമാക്കും. 63,000 കോടി രൂപയുടെ കരാറാണിത്. വിമാനവാഹിനിക്കപ്പലുകളായ ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് വിക്രമാദിത്യ എന്നിവയിൽ നിന്നായിരിക്കും ഇവ പ്രവർത്തിക്കുക.

SCROLL FOR NEXT