Source: Facebook
NATIONAL

'രക്തവും ജലവും ഒരുമിച്ചൊഴുകില്ല'; രവി നദിയിൽ നിന്നും പാകിസ്ഥാനിലേക്കുള്ള അധിക ജലപ്രവാഹവും തടയാൻ ഇന്ത്യ

ഏപ്രിൽ മുതൽ ഇത് മാറുന്നതോടെ പാകിസ്ഥാൻ കൂടുതൽ ജലക്ഷാമം നേരിടുന്ന അവസ്ഥയിലേക്കെത്തും

Author : ന്യൂസ് ഡെസ്ക്

വേനൽക്കാലം കടുക്കുന്നതിന് മുന്നോടിയായി പാകിസ്ഥാനിലേക്കുള്ള രവി നദിയിൽ നിന്നുള്ള ജലവിതരണം തടയാൻ ഇന്ത്യ. സിന്ധു നദീജല ഉടമ്പടി താൽക്കാലികമായി നിർത്തിവച്ചതിൽ ജലക്ഷാമം നേരിടുന്ന പാകിസ്ഥാൻ്റെ അവസ്ഥ ഇതോടെ കൂടുതൽ വഷളാകും. മാർച്ച് 31-നകം ഷാപൂർ കണ്ടി തടയണയുടെ നിർമാണം പൂർത്തിയാകുന്നതോടെയാണ് രവി നദിയിൽ നിന്നും പാകിസ്ഥാനിലേക്കുള്ള അധിക ജലപ്രവാഹം തടയുക. ഇന്ത്യയിൽ ആവശ്യമായ ജലസംഭരണ ​​സൗകര്യങ്ങൾ ഇല്ലാത്തതിനാലാണ് രവി നദിയിൽ നിന്നുള്ള അധിക ജലം പാകിസ്ഥാനിലേക്ക് ഒഴുക്കിയിരുന്നത്. ഏപ്രിൽ മുതൽ ഇത് മാറുന്നതോടെ പാകിസ്ഥാൻ കൂടുതൽ ജലക്ഷാമം നേരിടുന്ന അവസ്ഥയിലേക്കെത്തും.

വരൾച്ച ബാധിത പ്രദേശങ്ങളായ കത്വ, സാംബ ജില്ലകളിൽ ജലസേചനം നൽകുക എന്നതാണ് ഈ നീക്കത്തിൻ്റെ ലക്ഷ്യമെന്ന് ജമ്മു കശ്മീർ മന്ത്രി ജാവേദ് അഹമ്മദ് റാണ തിങ്കളാഴ്ച പ്രഖ്യാപിച്ചു. പാകിസ്ഥാനിൽ ഇത് ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് ചോദിച്ചപ്പോൾ നിങ്ങൾ എന്തിനാണ് പാകിസ്ഥാനെക്കുറിച്ച് വിഷമിക്കുന്നത്? അവർ സ്വയം സൃഷ്ടിച്ച പ്രശ്‌നങ്ങളിൽ തന്നെ മുഴുകട്ടെയെന്നും മന്ത്രി പ്രതികരിച്ചു.

നിലവിൽ, രവി നദിയിൽ നിന്നുള്ള അധിക ജലം ഒഴുകിയെത്തുന്നത് പാകിസ്ഥാനിലെ ഒരു താഴ്ന്ന നദീതീര പ്രദേശത്തേക്കാണ്. പഞ്ചാബും ജമ്മു കാശ്മീരും തമ്മിലുള്ള രാഷ്ട്രീയ തർക്കം കാരണം വർഷങ്ങളായി തടസപ്പെട്ടിരുന്ന ഷാംപൂർ തടയണ യാഥാർഥ്യമാകുന്നതോടെ ഇത്തരത്തിൽ വെള്ളം പാഴായിക്കൊണ്ടിരുന്നത് നിർത്തലാക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ പാകിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളം നിർത്തലാക്കുമെന്നും ഇനി മുതൽ ഇന്ത്യയുടെ താൽപ്പര്യത്തിനായി ഉപയോഗിക്കുമെന്നും കേന്ദ്ര ജലവിഭവ മന്ത്രി സി.ആർ. പാട്ടീൽ വ്യക്തമാക്കി ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ സംഭവവികാസം.

ലോകബാങ്കിൻ്റെ മധ്യസ്ഥതയിൽ 1960-ൽ ഒപ്പുവച്ച ഉടമ്പടി പ്രകാരം, കിഴക്കൻ നദികളായ സത്‌ലജ്, ബിയാസ്, രവി എന്നിവിടങ്ങളിലെ ജലം ഇന്ത്യക്ക് നിയന്ത്രണമില്ലാതെ ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നു. അതേസമയം, പടിഞ്ഞാറൻ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയുടെ അവകാശം പാകിസ്ഥാന് ലഭിച്ചു. എന്നിരുന്നാലും, വർഷങ്ങളായി, കിഴക്കൻ നദികളിൽ നിന്ന് പാകിസ്ഥാനിലേക്ക് ഒഴുകുന്ന അധിക ജലം തടഞ്ഞിരുന്നില്ല.

കഴിഞ്ഞ വർഷം പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 25 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടതിനു ശേഷം കാര്യങ്ങൾ മാറിമറിഞ്ഞത്. നദീജലത്തിൻ്റെ മികച്ച ഉപയോഗവും നിയന്ത്രണവും ഉറപ്പാക്കാൻ ഇന്ത്യ ഉടമ്പടി താൽക്കാലികമായി നിർത്തിവയ്ക്കുകയും ജലവൈദ്യുത പദ്ധതികളുടേയും അണക്കെട്ടുകളുടേയും പ്രവർത്തനം കൂടുതൽ വേഗത്തിലാക്കുകയും ചെയ്തു .

പാകിസ്ഥാൻ പോലുള്ള കാർഷിക മേഖലയെ ആശ്രയിച്ചുള്ള ഒരു സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം, കരാറും അടിസ്ഥാന സൗകര്യ പദ്ധതികളും താൽക്കാലികമായി നിർത്തിവച്ചത് രൂക്ഷമായ പ്രതിസന്ധിയിലേക്ക് നയിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ ഏകദേശം 80% കാർഷിക ഭൂമിയും സിന്ധു നദീതട സംവിധാനത്തെ ആശ്രയിച്ചിരിക്കുന്നതിനാൽ തന്നെ ജലപ്രവാഹത്തിലെ ഇത്തരം തടസ്സങ്ങൾ വിള ഉൽപാദനത്തെയും ഭക്ഷ്യസുരക്ഷയെയും ബാധിക്കുന്നത് കൂടിയാണ്.

SCROLL FOR NEXT