ഡൊണാൾഡ് ട്രംപ്-വ്ളാഡിമർ പുടിൻ കൂടിക്കാഴ്ച Source: ANI/ REUTERS
NATIONAL

"ഇത് യുദ്ധങ്ങളുടെ യുഗമല്ല"; ട്രംപ്-പുടിന്‍ കൂടിക്കാഴ്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ

2015ല്‍ യുഎസ് മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പുടിന്റെ ആദ്യ യുഎസ് സന്ദർശനമാണിത്

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഡൊണാൾഡ് ട്രംപ്-വ്ളാഡിമർ പുടിൻ കൂടിക്കാഴ്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ. കൂടിക്കാഴ്ച, യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ വഴിത്തിരിവാകുമെന്ന് വിദേശകാര്യ മന്ത്രാലയം. സമാധാന ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും ഇന്ത്യ അറിയിച്ചു.

ഓഗസ്റ്റ് 15ന് അലാസ്കയില്‍ വെച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരിക്കുന്നത്. യുക്രെയ്നുമായുള്ള റഷ്യന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യം വെച്ചാണ് പുടിനുമായുള്ള ചർച്ച. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യുഎസ്-റഷ്യ കൂടിക്കാഴ്ചയെ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കി.

"2025 ഓഗസ്റ്റ് 15ന് അലാസ്കയിൽ യുഎസും റഷ്യൻ ഫെഡറേഷനും കൂടിക്കാഴ്ചയ്ക്കായി ധാരണയിലെത്തിയത് ഇന്ത്യ സ്വാഗതം ചെയ്യുന്നു. യുക്രെയ്നിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം അവസാനിപ്പിക്കുന്നതിനും സമാധാനത്തിനുള്ള സാധ്യതകൾ തുറക്കുന്നതിനുമാണ് ഈ കൂടിക്കാഴ്ച," പ്രസ്താവനയില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പലതവണ പറഞ്ഞതുപോലെ, "ഇത് യുദ്ധങ്ങളുടെ യുഗമല്ലെന്നും വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേർത്തു.

2015ല്‍ യുഎസ് മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പുടിന്റെ ആദ്യ യുഎസ് സന്ദർശനമാണിത്. ചർച്ചയില്‍ യുക്രേനിയൻ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ ഇരു നേതാക്കളും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്.

അതേസമയം, അധിനിവേശകർക്ക് യുക്രെയ്ൻ ഭൂമി വിട്ടുകൊടുക്കില്ലെന്ന് പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കി പ്രഖ്യാപിച്ചു. സമാധാനം കൊണ്ടുവരാൻ കഴിയുന്ന യഥാർഥ പരിഹാരങ്ങൾക്ക് കീവ് തയ്യാറാണ്. എന്നാൽ യുക്രെയ്ൻ ഇല്ലാത്ത ഏതൊരു പരിഹാരവും സമാധാനത്തിന് എതിരായിരിക്കും. അതുകൊണ്ട് അവർക്ക് ഒന്നും നേടാനാവില്ല. യുക്രെയ്ൻ ഇല്ലാതെ യുദ്ധം അവസാനിപ്പിക്കാൻ കഴിയില്ലെന്നും പ്രസിഡൻ്റ് സെലൻസ്‌കി പറഞ്ഞു.

SCROLL FOR NEXT