ജമ്മു കശ്മീർ: കുൽഗാമിൽ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ ഉൾപ്പെട്ട രണ്ട് ഭീകരരെ സൈന്യം വധിച്ചു. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് ലഷ്കർ ഇ തൊയ്ബ കമാൻഡർ ലത്തീഫ് ഭട്ടും ഒരു കൂട്ടാളിയുമാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. നവംബർ 11ന് നൗപോറ അഖ്‌റാനിൽ നടന്ന ഭീകരാക്രമണത്തിൽ മൂന്ന് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു.
തുടർന്ന് അക്രമികളെ കണ്ടെത്താൻ സുരക്ഷാ സേന വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു. തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച പ്രത്യേക ഇൻ്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ പൊലീസിൻ്റേയും സുരക്ഷാ സേനയുടെയും സംയുക്ത സംഘം പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു. സംഘം എത്തിയപ്പോൾ ഒളിച്ചിരുന്ന തീവ്രവാദികൾ വെടിയുതിർത്തു. ഇത് പരസ്പരം വെടിവയ്പ്പിന് കാരണമാവുകയും ഏറ്റുമുട്ടലിലേക്ക് നയിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
2026ൽ നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ ഭട്ടിന് ഇതിനകം പങ്കുണ്ടെന്ന് കരുതപ്പെടുന്നു. ജൂലൈ 22ന് അനന്ത്നാഗിലെ ലാൽ ചൗക്ക് പ്രദേശത്ത് നടന്ന ഒരു പൊലീസ് കോൺസ്റ്റബിളിൻ്റെ കൊലപാതകത്തിലും, ജൂലൈ 31ന് കുൽഗാമിൽ കുടിയേറ്റ തൊഴിലാളികളുടെ കൊലപാതകത്തിലും ഇയാൾക്ക് പങ്കുണ്ടായിരുന്നു.
നവംബർ 11ന് കുൽഗാമിലെ മിർ ബസാറിനടുത്തുള്ള സിആർപിഎഫ് പോസ്റ്റിൽ ആയുധധാരികളായ രണ്ട് ഭീകരർ വെടിയുതിർക്കുകയും മൂന്ന് ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിൽ ഒരാളുടെ നില ഗുരുതരമാണ്.