Source: News Malayalam 24X7
NATIONAL

ഓൺലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിന് ആധാർ നിർബന്ധം; പുതിയ നിയമം മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക്

തൽക്കാൽ ടിക്കറ്റുകൾക്ക് ആധാർ നിർബന്ധമാക്കിയതിന് പിന്നാലെയാണ് ജനറൽ റിസർവേഷൻ ടിക്കറ്റുകൾക്കും ആദ്യ ദിനത്തിലെ ബുക്കിങ്ങിന്‌ റെയിൽവേ ഈ നിയമം ബാധകമാക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഓൺലൈൻ വഴിയുള്ള ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിന് ആധാർ നിർബന്ധമാക്കി റയിൽവേ മന്ത്രാലയം. ട്രെയിൻ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് പുതിയ നിയമം ബാധകമാകുക. 60 ദിവസം മുന്നേയുള്ള അഡ്വാൻസ് ബുക്കിംഗ് ചെയ്യുന്നവർ, ഐആർസിടിസി പോർട്ടൽ വഴി ബുക്കിംഗ് ആരംഭിക്കുന്ന ദിവസം ആധാർ ഉപയോഗിച്ചുള്ള വെരിഫിക്കേഷൻ നിർബന്ധമായും പൂർത്തിയാക്കണമെന്ന് നിയമത്തിൽ വ്യക്തമാക്കുന്നു.

തൽക്കാൽ ടിക്കറ്റുകൾക്ക് ആധാർ നിർബന്ധമാക്കിയതിന് പിന്നാലെയാണ് ജനറൽ റിസർവേഷൻ ടിക്കറ്റുകൾക്കും ആദ്യ ദിനത്തിലെ ബുക്കിങ്ങിന്‌ റെയിൽവേ ഈ നിയമം ബാധകമാക്കുന്നത്. ദീർഘദൂര ട്രെയിൻ സർവീസുകൾക്ക് നിരക്ക് വർധിപ്പിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.

പുതിയ നിരക്കുകൾ അനുസരിച്ച് സെക്കൻ്റ് ക്ലാസ് ഓർഡിനറി ടിക്കറ്റുകൾക്ക് 216-750 കിലോമീറ്റർ പരിധിയിൽ 5 രൂപ വർധിക്കും, 751 മുതൽ -1250 കിലോമീറ്റർ വരെ 10 രൂപ വർധിക്കും. 1251 മുതൽ -1750 കിലോമീറ്റർ വരെ 15 രൂപയും 1751 മുതൽ -2250 കി.മീ. വരെ 20 രൂപയും വർധിക്കും.

215 കിലോമീറ്ററിന് മുകളിൽ ഓർഡിനറി ക്ലാസിന് ഒരു പൈസയും എല്ലാ ട്രെയിനുകളുടേയും മെയിൽ/ എക്സ്പ്രസ് ട്രെയിനുകളുടേയും എസി ക്ലാസുകളുടേയും നോൺ- എസി ക്ലാസുകൾക്ക് കിലോമീറ്ററിന് രണ്ട് പൈസ വീതവും വർധിക്കും. ഡിസംബർ 26 മുതലാണ് നിരക്ക് വർധന പ്രാബല്യത്തിൽ വരിക. ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കുന്നത്.

അതേസമയം, സബർബൻ സർവീസുകളുടേയും സീസൺ ടിക്കറ്റുകളുടേയും നിരക്കിൽ മാറ്റമുണ്ടാകില്ല. സാധാരണക്കാരെയും കുറഞ്ഞ വരുമാനക്കാരെയും ഇത് പ്രതികൂലമായി ബാധിക്കില്ലെന്ന് കേന്ദ്രം അവകാശപ്പെടുന്നു. നടത്തിപ്പ് ചെലവ് കൂടുതലായതിനാലാണ് ഇപ്പോൾ ചാർജ് കൂട്ടുന്നതെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.

SCROLL FOR NEXT