ഇന്ത്യന്‍ പൗരന്‍ ഓസ്‌ട്രേലിയയില്‍ ക്രൂര മര്‍ദനത്തിനും വംശീയാധിക്ഷേപത്തിനും ഇരയായതായി റിപ്പോര്‍ട്ട്. കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് കുറച്ചു പേര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. ഇവരെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ദക്ഷിണ ഓസ്‌ട്രേലിയയിലെ അഡലെയ്ഡില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവമെന്ന് 'ദ ഓസ്‌ട്രേലിയ ടുഡേ' റിപ്പോര്‍ട്ട് ചെയ്യുന്നു.
ചരണ്‍പ്രീത് സിംഗ് എന്നയാള്‍ക്കാണ് കിന്റോര്‍ അവന്യൂവില്‍ വെച്ച് മര്‍ദ്ദനമുണ്ടാകുന്നത്. രാത്രി 9.22 ഓടെയാണ് ആക്രമണം. ഭാര്യയുമൊത്ത് പുറത്ത് നടക്കാനിറങ്ങിയതായിരുന്നു.
കുറച്ച് പേര്‍ ഒരു പ്രകോപനവുമില്ലാതെ തന്റെ പക്കലേക്ക് വരികയും വംശീയമായി അധിക്ഷേപിക്കുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് യുവാവ് പറഞ്ഞു. തിരിച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ബോധം കെട്ടു വീഴുന്നത് വരെ അവര്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ തിരിച്ച് നാട്ടിലേക്ക് തന്നെ പോയാലോ എന്ന് ചിന്തിച്ചു പോകും. നിങ്ങളുടെ ശരീരത്തില്‍ എന്ത് മാറ്റാന്‍ പറ്റിയാലും നിറം മാത്രം മാറ്റാന്‍ കഴിയില്ലല്ലോ എന്നും ചരണ്‍പ്രീത് പറഞ്ഞു. ഓസ്‌ട്രേലിയയില്‍ ഓസ്‌ട്രേലിയയില്‍ വിദ്യാര്‍ഥിയാണ് ആക്രമണത്തിനിരയായ യുവാവ്.
യുവാവിനെ മര്‍ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലും വ്യാപകായി പ്രചരിച്ചിട്ടുണ്ട്. വീഡിയോയില്‍ യുവാവിന്റെ മുഖത്തും വയറ്റത്തും ചവിട്ടുന്നതും വീഡിയോ പകര്‍ത്തുന്നതിനിടെ ഭാര്യ സഹായത്തിനായി അഭ്യര്‍ഥിക്കുന്നതും ആര്‍ത്തു കരയുന്നതും കാണാം.
യുവാവിന് മുഖത്തും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ 20കാരനായ യുവാവിനെ പൊലീസ് അറ്സ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെ പിടികൂടാന്‍ പൊതുജനങ്ങളുടെ സേവനവും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണം ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. അതേസമയം പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണവുമായി മുന്നോട്ട് പോവുകയാണ്.