NATIONAL

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഇന്ത്യൻ പതാകയേന്തിയ ഒമ്പതാമത്തെ കപ്പലും ഹോർമുസ് കടന്നു

ഫെബ്രുവരി 28 മുതലാണ് ഇറാൻ ചരക്ക് കപ്പലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്

Author : ന്യൂസ് ഡെസ്ക്

ഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഇന്ത്യയുടെ ഒമ്പതാമത് ചരക്ക് കപ്പൽ ഗ്രീൻ ആശ ഹോർമുസ് കടലിടുക്ക് കടന്നു. കപ്പലിൽ എൽപിജി ആണെന്നാണ് ലഭിക്കുന്ന വിവരം. യുഎസ് ഇസ്രയേൽ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഫെബ്രുവരി 28 മുതലാണ് ഇറാൻ ഹോർമുസിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.

ഉപരോധം ഏർപ്പെടുത്തിയതിനു ശേഷം ഗ്രീൻ ആശയ്ക്ക് പുറമേ എട്ട് ഇന്ത്യൻ ചരക്ക് കപ്പലുകൾ ഹോർമുസ് വഴി സുരക്ഷിതമായി കടന്നു പോയിട്ടുണ്ട്. രണ്ട് എൽപിജി വഹിച്ച കപ്പലുകളും ഇതിൽ ഉൾപ്പെടുന്നു. മാർച്ച് 26നും 28നും ഇടക്ക് 92,612 ടൺ എൽപിജി വഹിച്ച നാല് ഇന്ത്യൻ കപ്പലുകൾ ഹോർമുസ് വഴി കടന്നു പോയി. ശിവാലിക്, നന്ദ ദേവി, ജഗ് ലാഡ്കി, പൈൻ ഗ്യാസ്, ജഗ് വസന്ത്, ഗ്രീൻ സാൻവി തുടങ്ങിയവയാണ് ഹോർമുസ് വഴി ഇതുവരെ കടന്ന് പോയ ഇന്ത്യൻ കപ്പലുകൾ.

പശ്ചിമേഷ്യയിലെ സംഘർഷവുമായി ബന്ധപ്പെട്ട സമുദ്ര ഉപരോധത്തിനിടയിൽ, ഇറാനിയൻ കപ്പലുകൾക്ക് സുരക്ഷിതമായ കടന്നുപോകൽ ഉറപ്പാക്കാൻ ഇന്ത്യ ഇറാനിയൻ അധികൃതരുമായി ചർച്ച നടത്തിവരികയാണ്. ഇറാനുമായി സഹകരിച്ചാൽ ശത്രുക്കളല്ലാത്ത കപ്പലുകളെ കടലിടുക്ക് വഴി കടന്നുപോകാൻ അനുവദിക്കുമെന്ന് ഇറാൻ നേരത്തെ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷനോട് പറഞ്ഞിരുന്നു. അതേസമയം, ഇസ്രയേലുമായോ യുഎസുമായോ ബന്ധമുള്ള കപ്പലുകൾക്ക് കടലിടുക്ക് കടന്നു പോകാൻ ഇറാൻ അനുവാദം നൽകിയിട്ടില്ല.

SCROLL FOR NEXT