NATIONAL

പൊടിക്കാറ്റിലും ആകാശച്ചുഴിയിലുംപെട്ട് ഇന്‍ഡിഗോ വിമാനം; ലാന്‍ഡിങ് നടത്താനാവാതെ ആകാശത്ത് വട്ടമിട്ടു പറന്നു

റായ്പൂരില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനത്തിനാണ് മോശം കാലാവസ്ഥ കാരണം ലാന്‍ഡ് ചെയ്യിക്കാന്‍ സാധിക്കാതെ വന്നത്.

Author : ന്യൂസ് ഡെസ്ക്

ഞായറാഴ്ച ഡല്‍ഹിയിലുണ്ടായ പൊടിക്കാറ്റിലും ആകാശച്ചുഴിയിലുംപെട്ട് ഇന്‍ഡിഗോ വിമാനം ലാന്‍ഡിംഗ് നടത്താനാവാതെ ആകാശത്ത് വട്ടമിട്ട് പറന്നു. റായ്പൂരില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനത്തിനാണ് മോശം കാലാവസ്ഥ കാരണം ലാന്‍ഡ് ചെയ്യിക്കാന്‍ സാധിക്കാതെ വന്നത്.

6E 6313 എന്ന വിമാനമാണ് ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യുന്നതിന് ഒന്നോ രണ്ടോ മിനുട്ട് മുമ്പ് മോശം കാലാവസ്ഥയില്‍പ്പെട്ടത്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുന്നതിനാല്‍ ലാന്‍ഡിങ് ഒഴിവാക്കി, സുരക്ഷയ്ക്കായി ആകാശത്ത് തന്നെ തുടരുകയാണെന്ന് പൈലറ്റ് യാത്രക്കാരെ അറിയിക്കുകയായിരുന്നു. കാലാവസ്ഥ മാറിയതിന് ശേഷമാണ് വിമാനം ലാന്‍ഡ് ചെയ്തതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ശക്തമായ കാറ്റില്‍പ്പെട്ട് കുലുങ്ങുന്ന വിമാനത്തിനകത്ത് യാത്രക്കാര്‍ പേടിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

അടുത്തിടെ ഡല്‍ഹി-ശ്രീനഗര്‍ ഇന്‍ഡിഗോ വിമാനവും ആകാശച്ചുഴിയില്‍പ്പെട്ടിരുന്നു. കാറ്റിലും ചുഴിയിലുംപെട്ട് കേടുപാടുകളുണ്ടായ ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര സാഹചര്യത്തിലും പാകിസ്ഥാന്‍ വ്യോമപാത വിലക്കിയത് ചര്‍ച്ചയായിരുന്നു. ആകാശച്ചുഴിയില്‍പ്പെട്ട് മുന്‍ഭാഗം തകര്‍ന്ന വിമാനം പിന്നീട് ശ്രീനഗറിലാണ് ലാന്‍ഡ് ചെയ്തത്.

SCROLL FOR NEXT