ഡൽഹി: രാജ്യത്തെ ഇൻഡിഗോ വിമാന സർവീസുകൾ കഴിഞ്ഞ കുറേ ദിവസങ്ങളോളം തടസ്സപ്പെട്ട രീതിയിലായിരുന്നു. ഒടുവിൽ ആശ്വാസകരമായ ഒരു വിവരം പങ്കുവച്ചിരിക്കുകയാണ് ഇൻഡിഗോ. വിമാന സർവീസുകളുടെ കാര്യത്തിൽ ഇൻഡിഗോ എയർലൈൻ അതിൻ്റെ നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയുടെ 95 ശതമാനവും പുനഃസ്ഥാപിച്ചെന്നാണ് കമ്പനി അറിയിക്കുന്നത്.
ശനിയാഴ്ച 138 ലക്ഷ്യസ്ഥാനങ്ങളിലേക്ക് നടത്തേണ്ടിയിരുന്നു സർവീസുകളിൽ 135 ഇടത്തേക്കും വിജയകരമായി സർവീസ് നടത്താനായെന്നും, രാത്രി 12 മണിയോടെ 1500ലധികം വിമാനങ്ങൾ സർവീസ് നടത്തുമെന്നും ഇൻഡിഗോ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഉപഭോക്താക്കളുടെ വിശ്വാസ്യത തിരിച്ചുപിടിക്കാൻ ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെന്ന് അറിയാമെന്നും, നിലവിലെ പ്രതിസന്ധികളിൽ ക്ഷമ ചോദിക്കുന്നുവെന്നും ഇൻഡിഗോ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ ഇൻഡിഗോ ഇന്നലെ ആയിരത്തോളം വിമാനങ്ങൾ റദ്ദാക്കിയിരുന്നു. 113 ലക്ഷ്യസ്ഥാനങ്ങളിലേക്കായി 700ലധികം വിമാനങ്ങൾ മാത്രമാണ് വെള്ളിയാഴ്ച സർവീസ് നടത്തിയതെന്ന് ഇൻഡിഗോ ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഇൻഡിഗോ വിമാന സർവീസുകൾ രാജ്യവ്യാപകമായി താളം തെറ്റിയതോടെ ഡിജിസിഎ നേരത്തെ ഡ്യൂട്ടി പരിഷ്കണ ഉത്തരവ് ഭാഗികമായി പിൻവലിച്ചിരുന്നു . കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വിമാനങ്ങൾ റദ്ദാക്കിയതും വൈകിയതും യാത്രക്കാരെ ദുരിതത്തിലാക്കിയതിന് പിന്നാലെയാണ് തീരുമാനം. എത്രയും വേഗം വിമാന സർവീസുകൾ സാധാരണ നിലയിലാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഡിജിസിഎ വിമാനക്കമ്പനികൾക്ക് നിർദേശം നൽകി.
പ്രതിസന്ധിയിൽ കേന്ദ്രം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടായതിൽ ഇൻഡിഗോ ഖേദം അറിയിച്ചു. രാജ്യത്താകമാനം ഇന്ന് മാത്രം 600ലധികം വിമാന സർവീസുകളാണ് റദ്ദാക്കിയത്. തുടർന്ന് തിരുവനന്തപുരത്തും നെടുമ്പാശേരിയിലും അടക്കം യാത്രക്കാര്‍ വലഞ്ഞു.
വിമാന ജീവനക്കാർക്ക് പ്രതിവാര വിശ്രമവും അവധിയും രണ്ടായി നൽകണമെന്ന നിർദേശമാണ് യാത്രക്കാർ ദുരിതത്തിലായതോടെ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പിൻവലിച്ചത്. വിമാന സർവീസുകൾ എല്ലാം കൂട്ടത്തോടെ റദ്ദാക്കുകയും വൈകുകയും ചെയ്തതോടെ ഡ്യൂട്ടി സമയം സംബന്ധിച്ച ഉത്തരവിൽ ഇളവ് നൽകാൻ ഡിജിസിഐ നിർബന്ധിതരാവുകയായിരുന്നു.