ലഖ്നൗ വിമാനത്താവളത്തിൽ ഒഴിവായത് വൻ ദുരന്തം. ടേക്ക് ഓഫിനിടെ ഇൻഡിഗോ വിമാനം റൺവേയിൽ നിന്നു. ഡൽഹിയിലേക്ക് പോകുന്ന ഇൻഡിഗോ വിമാനം, ഇൻഡിഗോ ഫ്ലൈറ്റ് 6E2111 ആണ് സാങ്കേതിക തകരാർ മൂലം റൺവേയിൽ നിന്നത്.
രാവിലെ പതിനൊന്ന് മണിക്കാണ് സംഭവമുണ്ടായത്. സമാജ്‌വാദി എംപി ഡിംപിൾ യാദവും വിമാനത്തിൽ ഉണ്ടായിരുന്നു. 171 യാത്രക്കാരും ആറ് ക്രൂ മെമ്പർമാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിന് പറക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ലെന്ന് ദൃക്‌സാക്ഷികളും വിമാനത്താവള ഉദ്യോഗസ്ഥരും പറഞ്ഞു.
പ്രശ്നം തിരിച്ചറിഞ്ഞ പൈലറ്റ് സമയോചിതമായി പ്രവർത്തിച്ചതോടെയാണ് വലിയ അപകടം ഒഴിവായത്. പൈലറ്റ് അടിയന്തര ബ്രേക്കുകൾ ഉപയോഗിച്ച് വിമാനം പൂർണമായും നിർത്തുകയായിരുന്നു. ഇല്ലെങ്കിൽ, റൺവേയിൽ നിന്ന് മറിഞ്ഞുവീഴാനുള്ള സാധ്യതയുണ്ടായിരുന്നു.
യാത്രക്കാരെയും ജീവനക്കാരെയും പരിക്കേൽക്കാതെ സുരക്ഷിതമായി പുറത്തിറക്കി. തുടർന്ന്, മറ്റൊരു വിമാനത്തിൽ ഡൽഹിയിലേക്ക് പോകാൻ യാത്രക്കാർക്ക് സൗകര്യമൊരുക്കി. തകരാറുണ്ടായ വിമാനം നിലവിൽ ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്.